ഡല്‍ഹിയില്‍ കുറ്റപത്രമായി; വിദ്വേഷ പ്രസംഗത്തിലെ ആ ഉത്തരവ് എവിടെ?

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് വിശാല ഗൂഢാലോചനയില്‍ ഡല്‍ഹി പൊലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചു. പതിനേഴായിരത്തിലധികം പേജ് വരുന്നതാണ് കുറ്റപത്രം. ഡല്‍ഹി കര്‍കര്‍ഡൂമ കോടതിയില്‍ നല്‍കിയിരിക്കുന്ന കുറ്റപത്രത്തില്‍ 15 പ്രതികളാണ് ഉള്ളത്. എല്ലാവര്‍ക്കുമെതിരെ യു.എ.പി.എ പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുറ്റപത്രത്തില്‍ പേര് പരാമര്‍ശിക്കപ്പെട്ട പതിനഞ്ച് പേര്‍ക്കും പൊതുവായ ഒരു പ്രത്യേകത ഉണ്ട്. എല്ലാവരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവരാണ്. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ പ്രാദേശിക നേതാവും മുന്‍സിപ്പല്‍ കൗണ്‍സിലറുമായ താഹിര്‍ ഹുസൈന്‍ ആണ് മുഖ്യപ്രതി. ബാക്കിയെല്ലാവരും വിദ്യാര്‍ത്ഥികള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍. 

'കുറ്റപത്രം ഏകപക്ഷീയം'

പൗരത്വ നിയമഭേദഗതിക്കെതിരെ ജാഫറാബാദിലെ മെട്രോ സ്റ്റേഷന്‍ ഉപരോധിച്ച് നടന്ന സമരത്തിനെതിരെ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം രംഗത്തുവരുന്നു. സമരക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ നിയമം കയ്യിലെടുക്കുമെന്ന് ഡി.സി.പിയുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിക്കുന്നു. തുടര്‍ന്ന് ഇരു വിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷം. അതാണ് വടക്ക് കിഴക്കന്‍ ഡല്‍ഹിയെ രക്തക്കളമാക്കിയ, അമ്പതിലേറെ പേരുടെ മരണത്തിനും കോടികളുടെ സ്വത്ത് നാശത്തിനും കാരണമായ വന്‍കലാപമായി മാറിയത്. പക്ഷെ കപില്‍ മിശ്രയെയോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ആരും തന്നെ ഈ കുറ്റപത്രത്തില്‍ പ്രതിചേര്‍ത്തിട്ടില്ല. കലാപക്കേസുകളുടെ അന്വേഷണത്തില്‍ ഡല്‍ഹി പൊലീസ് ഏകപക്ഷീയമായി ഒരു വിഭാഗത്തെ വേട്ടയാടുന്നുവെന്നും പൗരത്വ സമരക്കാരെ ലക്ഷ്യം വെക്കുന്നുവെന്നുമുള്ള ആക്ഷേപങ്ങള്‍ വ്യാപകമാണ്. ആ ആരോപണങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഇന്ന് സമര്‍പ്പിച്ച കുറ്റപത്രം. 

ഹൈക്കോടതി ഉത്തരവിന് എന്ത് സംഭവിച്ചു...?

കപില്‍ മിശ്രയ്ക്കും, വിദ്വേഷപ്രസംഗം നടത്തിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനുമെതിരെ 24 മണിക്കൂറിനകം കേസെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഉത്തരവിറക്കിയ ജസ്റ്റിസ് മുരളീധറിനെ പഞ്ചാബ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ശേഷം കേസ് പരിഗണിച്ച പുതിയ ബെഞ്ചില്‍ കപില്‍ മിശ്രയ്ക്കും അനുരാഗ് താക്കൂറിനുമെതിരെയുള്ള പരാതികള്‍ പരിശോധിച്ച് വരികയാണെന്നും കേസെടുക്കുന്ന കാര്യത്തില്‍ ഉചിത സമയത്ത് തീരുമാനം എടുക്കുമെന്നുമായിരുന്നു ഡല്‍ഹി പൊലീസിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഉറപ്പ് നല്‍കിയത്. മാസങ്ങള്‍ കഴിഞ്ഞു, ഇതുവരെ നടപടികളൊന്നും ഉണ്ടായിട്ടില്ല. കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ പ്രതികളെ അനുബന്ധ കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്നും ഡല്‍ഹി പൊലീസ് ഇന്ന് കോടതിയെ അറിയിച്ചു. കേസില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി ഉമര്‍ ഖാലിദ് ഉള്‍പ്പെടേയുള്ളവരുടെ പേര് അനുബന്ധ കുറ്റപത്രത്തിലുണ്ടാകുമെന്നാണ് സൂചന. 

കുറ്റപത്രത്തിലെ ആരോപണങ്ങള്‍

ഗൂഢാലോചന കേസില്‍ പ്രതിചേര്‍ത്തവരെല്ലാം കലാപത്തില്‍ പങ്കെടുത്തവരുമായി നേരിട്ട് ബന്ധപ്പെട്ടു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ജാഫറാബാദിലെ സമരമായിരുന്നു കലാപത്തിന്‍റെ മുഖ്യ കാരണം. സമരം അതിന്‍റെ തുടക്കത്തില്‍ തന്നെ ജനാധിപത്യ വിരുദ്ധമായിരുന്നു. കലാപത്തിന് പ്രേരിപ്പിക്കലായിരുന്നു സമരത്തിന്‍റെ ലക്ഷ്യം. റോഡ് ഉപരോധിച്ചും 'ചക്കാ ജാം' (ട്രാഫിക് കുരുക്ക്) സൃഷ്ടിച്ചും സമരക്കാര്‍ കലാപത്തിന്‍റെ വിത്ത് പാകി. 20 കിലോമീറ്ററുകളോളം നടന്നാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിനെത്തിയത്.  ജാഫറാബാദിലും സീലംപൂരിലും കലാപം ഏകോപിപ്പിക്കാന്‍ രണ്ട് വാട്സ്ആപ്പ്ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു. ഇങ്ങനെ പോകുന്നു കുറ്റപത്രത്തിലെ ആരോപണങ്ങള്‍.