കങ്കണയെ പിന്തുണച്ച് എന്‍ഡിഎ ഘടക കക്ഷികള്‍; നഷ്ടപരിഹാരം നൽകണമെന്ന് കേന്ദ്രമന്ത്രി

മഹാരാഷ്ട്ര സർക്കാരുമായുള്ള പോരില്‍ കങ്കണ റനൗട്ടിന് പിന്തുണയുമായി എന്‍ഡിഎ ഘടക കക്ഷികളും. കേന്ദ്രമന്ത്രി രാംദാസ് അഠാവലെ നടിയെ ബാന്ദ്രയിലെ വീട്ടിലെത്തി കണ്ടു. വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് വനിതാകമ്മീഷന്‍ അധ്യക്ഷ ദേശീയ വനിത കമ്മീഷന് കത്തയച്ചു. എന്നാല്‍, വിഷയം അടഞ്ഞ അധ്യായം എന്നായിരുന്നു സേനാനേതാവ് സഞ്ജയ് റാവുത്തിന്‍റെ പ്രതികരണം. 

കങ്കണ റനൗട്ടിന്‍റെ ഉടമസ്ഥിലുള്ള  പാലി ഹില്‍സിലെ ഓഫീസില്‍ 22വരെ തല്‍സ്ഥിതി തുടരാന്‍ ബോംബെ ഹൈക്കോടതി നിര്‍ദേശിച്ചതോടെയാണ്, വിഷയത്തെ രാഷ്ട്രയമായി സജീവമാക്കി നിര്‍ത്താനാന്‍ ബിജെപി നീക്കം ആരംഭിച്ചത്. കങ്കണക്ക് പിന്തുണ അറിയിച്ച് കേന്ദ്രമന്ത്രി രാംദാസ് അഠാവലെ നടിയുടെ വീട്ടില്‍ എത്തി. കെട്ടിടനിര്‍മാതാവ് 3 ഇഞ്ച് അധിക നിർമ്മാണം നടത്തിയതാണ് ബിഎംസി ചൂണ്ടിക്കാട്ടിയതെന്നും, ആ ഭാഗം പൊളിക്കുന്നതിന് പകരം മുഴുവന്‍ വീട്ടുപകരണങ്ങളും കോര്‍പ്പറേഷന്‍ നശിപ്പിച്ചതായും കങ്കണ അറിയിച്ചതായി അഠാവലെ പറഞ്ഞു. 

നടിക്ക് സംസ്ഥാനസര്‍ക്കാര്‍ നഷ്‍ടപരിഹാരം നല്‍കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍, ജാഗ്രതയോടുള്ള നിലപാടാണ് ശിവസേനയും ഭരണമുന്നണിയും വിഷയത്തില്‍ സ്വീകരിക്കുന്നത്. നിയമപരമായ നടപടിയെന്ന് വിശദീകരിക്കുന്നെങ്കിലും കോണ്‍ഗ്രസിന്‍റെയും എന്‍സിപിയുടേയും വിയോജിപ്പ് കണക്കിലെടുത്ത്  ബിഎംസിയെ പരസ്യമായി പ്രതിരോധിക്കാന്‍ സഞ്ജയ് റാവുത്ത് തയാറായില്ല. പക്ഷെ മറാഠി സ്വാഭിമാനം ആരുടെയും മുന്നില്‍ അടിയറവുവെക്കില്ല എന്ന് റാവുത്ത് പ്രതികരിച്ചു.