എൻ‌ഡി‌ആർ‌എഫ് ബോട്ടിൽ നായയെയും ഒപ്പം കൂട്ടി ഇടയ ബാലൻ; കരുതൽ

പെട്ടിമുടിയിലെ ദുരന്തകാഴ്ചയിൽ ഭക്ഷണം തന്നവരെ തേടുന്ന രണ്ടുനായകളുടെ ദൃശ്യങ്ങൾ കേരളം കണ്ടതാണ്. അതേസമയം വെള്ളം കയറിയപ്പോൾ നായയെ തുറന്നുവിടാതെ സ്വന്തം ജീവനുമായി രക്ഷതേടി പോയ മനുഷ്യരുടെ ചെയ്തികളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്. എന്നാൽ കരുതലിന്റെ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് കര്‍ണാടകയില്‍ നിന്ന് ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻ‌ഡി‌ആർ‌എഫ്) തലവൻ സത്യപ്രധാൻ. ‘ഈ ചിത്രം എന്റെ ഓർമകളിൽ പതിഞ്ഞിരിക്കും’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആടുകളെ മേയ്ക്കുന്ന ആൺകുട്ടിയെ എൻ‌ഡി‌ആർ‌എഫ് സംഘം രക്ഷപ്പെടുത്തിയിരുന്നു. ആടുകളെ വിട്ടുപോരാൻ അവന് മനസ്സുണ്ടായില്ല. എന്നിരുന്നാലും ആടുകളെ മേയാന്‍ വിടുകയും, നായയെ കൂടെ കൂട്ടുകയുമായിരുന്നു. അവനെ സഹായിച്ചതിൽ ‍സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു. 

കർണാടകയിലെ ചില ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. തീരദേശ പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും മഴയും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കൊടഗു ജില്ലയിൽ മണ്ണിടിച്ചിൽ ഉണ്ടായി. മഴയുടെ അളവ് ഒരു പരിധിവരെ കുറഞ്ഞുവെങ്കിലും കാര്യങ്ങൾ സാധാരണ നിലയിലാകാൻ കുറച്ച് സമയമെടുക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.