ചായക്കച്ചവടം കുറഞ്ഞു; ലോണെടുക്കാൻ ചെന്നപ്പോൾ 50 കോടി തിരിച്ചടയ്ക്കണമെന്ന് ബാങ്ക്

കോവിഡ് ലോക്ഡൗണിനെ തുടർന്ന് ചായക്കട പൂട്ടേണ്ടി വരുമെന്ന ആശങ്കയിൽ ലോണെടുക്കാൻ ചെന്നയാൾക്ക് ബാങ്കിന്റെ ഇരുട്ടടി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.  50 കോടി രൂപ തിരിച്ചടയ്ക്കാനുണ്ടെന്നും അതിന് ശേഷം ലോണിനെ കുറിച്ച് ആലോചിക്കാമെന്നുമാണ്  ബാങ്ക് അധികൃതർ ചായക്കടക്കാരൻ ആയ രാജ്കുമാറിനെ അറിയിച്ചത്.

ഉപജീവനം വഴിമുട്ടിയപ്പോൾ പുതിയ കച്ചവടം തുടങ്ങാനുള്ള വായ്പയ്ക്കായാണ് രാജ്കുമാർ ബാങ്കിലെത്തിയത്. രേഖകളെല്ലാം കൈയിൽ കരുതി. മുൻപൊരിക്കലും വായ്പ എടുക്കാത്തയാളായതിനാൽ വേഗത്തിൽ കാര്യങ്ങൾ നടക്കുമെന്ന് പ്രതീക്ഷിച്ചാണ് രാജ്കുമാർ ബാങ്കിലെത്തിയത്.

രേഖകളും അപേക്ഷയും സമർപ്പിച്ചപ്പോഴാണ് ബോധം പോകുന്ന  ആ വാർത്ത ബാങ്കുകാർ പറഞ്ഞത്. ഇന്നുവരെ ലോണെടുത്തിട്ടില്ലെന്നും ജീവിക്കാൻ ചായക്കട നടത്തുകയാണെന്നുമൊക്കെ പറഞ്ഞ് നോക്കിയിട്ടും ബാങ്കുകാർ വിടുന്ന മട്ടില്ല. ആർക്കാണ് ബാങ്ക് 50 കോടി വായ്പ നൽകിയതെന്നും തന്റെ അപരൻ വായ്പ തിരിച്ചടച്ചില്ലെങ്കിൽ എന്ത് ചെയ്യുമെന്നുമുള്ള ആശങ്കയിലാണ് രാജ്കുമാർ ഇപ്പോൾ.