ഭക്ഷണവും വെള്ളവുമില്ല, നല്ല ശുചിമുറിയില്ല; തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ സമരം

മികച്ച ചികില്‍സാ സൗകര്യം ആവശ്യപ്പെട്ടു തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ സമരം. കാഞ്ചിപുരം ജില്ലയിലെ മാങ്കാടെന്ന സ്ഥലത്താണ് അന്‍പതിലധികം രോഗികള്‍ ഒരുമണിക്കൂറിലേറെ സമയം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മൊത്തം കോവിഡ് കേസുകള്‍ രണ്ടുലക്ഷത്തിലേക്ക് എത്തിയതോടെ പരിശോധനകള്‍ ശക്തമാക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. ഇന്നലെ മാത്രം 6472 പേര്‍ക്കാണു തമിഴ്നാട്ടില്‍ രോഗം ബാധിച്ചത്. 

അസാധാരണമായ സമരത്തിനാണു രാവിലെ കാഞ്ചിപുരം സാക്ഷ്യം വഹിച്ചത്. കാഞ്ചിപുരം മാങ്കാട്ടെ  സ്വകാര്യ മെഡിക്കല്‍ കോളജിന്റെ ആശുപത്രിയില്‍ കഴിയുന്ന രോഗികളാണു പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭക്ഷണവും വെള്ളവും കൃത്യസമയങ്ങളില്‍ ലഭിക്കുന്നില്ല. ശുചിമുറികള്‍ വൃത്തിയാക്കുന്നില്ല  തുടങ്ങിയ പ്രശ്നങ്ങളാണ്  ഉന്നയിച്ചത്. റോഡില്‍  സാമൂഹിക അകലം പാലിച്ചു ഇവര്‍ കുത്തിയിരുന്നു. സ്ഥലത്തെത്തിയ പൊലീസ് , റവന്യു ഉദ്യോഗസ്ഥര്‍ക്കു ഇവരുടെ അടുത്തേക്ക് അടുക്കാനായില്ല.  തഹസില്‍ദാര്‍ സ്ഥലത്തെത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍  ആവശ്യങ്ങളെല്ലാം അംഗീകരിച്ചതോടെയാണു രോഗികള്‍ തിരികെ വാര്‍ഡിലേക്കു പോയത്. ചെന്നൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള ജില്ലകളില്‍ ഒന്നാണ് കാഞ്ചിപുരം .6010 പേര്‍ക്കാണ് ഇവിടെ രോഗം കണ്ടെത്തിയത്

അതേ സമയം തമിഴ്നാട്ടിലാകെ രോഗം പടരുന്ന സാചര്യത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി.ഏഴു ലക്ഷം പി.സി.ആര്‍ കിറ്റുകള്‍ ഇന്നലെ ചെന്നൈയിലെത്തി.അടുത്ത മാസം അവസാനത്തോടെ ചെന്നൈയിലെ   പൊസിറ്റിവിറ്റി റേറ്റ് അഞ്ചുശതമാനമായി കുറയ്ക്കാനാണ് നീക്കം.