ചൈനയിൽ നിന്നുള്ള ചരക്ക് പിടിച്ചുവച്ചാൽ ദോഷം ഇന്ത്യയ്ക്ക്; നിതിൻ ഗഡ്കരി

അതിര്‍ത്തി സംഘര്‍ഷത്തിന്‍റെ പേരില്‍ ചൈനയില്‍ നിന്നുള്ള ചരക്കുകള്‍ പിടിച്ചുവയ്ക്കുന്നത് ഇന്ത്യയ്ക്ക് ദോഷം ചെയ്യുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രി നിര്‍മല സീതാരാമനും വ്യവസായ മന്ത്രി പിയൂഷ് ഗോയലിനും ഗഡ്കരി കത്തയച്ചു. ഇത്തരം നീക്കങ്ങള്‍ രാജ്യത്തെ വ്യവസായികള്‍ക്ക് തിരിച്ചടിയാകുമെന്ന് ഗഡ്കരി ചൂണ്ടിക്കാട്ടി. 

ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കുറയ്ക്കണമെങ്കില്‍ കൂടുതല്‍ നികുതി ചുമത്തുകയാണ് വേണ്ടത്. ഇറക്കുമതി ചെയ്യപ്പെട്ട ചരക്കുകള്‍ അനാവശ്യമായി പിടിച്ചുവയ്ക്കുന്നത് ചൈനയേയല്ല ഇന്ത്യയെയാണ് ബാധിക്കുകയെന്നും ഗഡ്കരിയുടെ കത്തില്‍ പറയുന്നു. വിശദമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തിയതും കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്തതുമാണ് ചൈനീസ് ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ പടിച്ചുവയ്ക്കാന്‍ കാരണം.