കിങും കിങ്മേക്കറും ആയ അജിത് ജോഗി; ഛത്തീസ്ഗഡിന്റെ സ്വന്തം നേതാവിന് വിട

തളർന്നിരിക്കാൻ..തകർന്നുപോകാൻ അജിത് പ്രമോദ് കുമാർ ജോഗി ഒരിക്കലും ഒരുക്കമായിരുന്നില്ല. മരണവുമായി ചൂത് കളിക്കുന്ന മാവോയിസ്റ്റ് മണ്ണിൽ പാതി നഷ്ടമായ ജീവനുമായി കരുക്കൾ നീക്കിയ കൗശലക്കാരനായ നേതാവ്. 1946 ഏപ്രിൽ 29ന് ജനനം. ബിലാസ്പുരിൽ. ഭോപ്പാൽ സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ എൻജിനിയറിങ് ബിരുദം. 1970ൽ സിവിൽ സർവീസിൽ. രാജീവ് ഗാന്ധി വിമാനം പറത്തി റായ്പൂരിലെത്തുമ്പോൾ സ്വീകരിക്കാൻ എത്തിയിരുന്ന ചുറുചുറുക്കും കാര്യപ്രാപ്തിയുമുള്ള യുവ കലക്ടർ. 1984ൽ രാജീവിന്റെ വിളികേട്ട് രാഷ്ട്രീയത്തിലേയ്ക്ക്. 86 മുതൽ 98വരെ രാജ്യസഭാംഗം. 

98 ൽ റായ്ഗഢിൽ നിന്ന് ലോക്സഭയിലേയ്ക്ക്. കോൺഗ്രസ് ചീഫ് വിപ്പും എംപിസിസി വർക്കിങ് പ്രസിഡന്റുമായി. 2000ൽ ഛത്തീസ്ഗഢ് പിറവിയെടുത്തപ്പോൾ ആദ്യ മുഖ്യമന്ത്രിയായി. ഇന്ത്യയിൽ മുഖ്യമന്ത്രി പദവിയിലെത്തിയ ആദ്യ ഐഎഎസുകാരൻ. 2003 ഡിസംബർ 6 വരെ ഭരണം കൈയ്യാളി. അധികാരം ജോഗിയെ ഏകാധിപതിയാക്കി. മുതിർന്ന നേതാക്കളെ വെട്ടിയൊതുക്കി. കേബിൾ ശൃംഖല, ഒളിംപിക്സ് അസോസിയേഷൻ, വ്യവസായങ്ങൾ, ഹോട്ടലുകൾ എല്ലാം വരുതിയിൽ. 2003ൽ ബിജെപി എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചത് ഏറെ വിവാദമായി. ഇതിനിടെ അനധികൃത സ്വത്ത് സമ്പാദനം, വ്യാജരേഖ ചമയ്ക്കൽ, കൊലപാതകം തുടങ്ങിയ കേസുകൾ. 

2004ലുണ്ടായവാഹനാപകടത്തിൽ ശരീരത്തിന്റെ പാതി ചലനമറ്റു. മകൻ അമിത്തിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയപ്പോൾ 2016ൽ പുതിയ പാർട്ടിയുണ്ടാക്കി. ജനതാ കോൺഗ്രസ് ഛത്തീസ്ഗഡ്. ഭാര്യ രേണു, മകൻ അമിത്, മരുമകൾ റിച്ച. കുടുംബാംഗങ്ങളെല്ലാം സജീവ രാഷ്ട്രീയത്തിൽ. ബിഎസ്പിക്കൊപ്പം ചേർന്ന് 2018 ൽ തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും അജിത് ജോഗിക്ക് കണക്കൂട്ടലുകൾ പിഴയ്ക്കുകയായിരുന്നു.