രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്; മഹാരാഷ്ട്രയെ വരിഞ്ഞ് മുറുകി കോവിഡ്

മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേയ്ക്ക്. തുടർച്ചയായ അഞ്ചാംദിവസവും രോഗബാധിതരുടെ എണ്ണ രണ്ടായിരം കടന്നു. 24 മണിക്കൂറിനിടെ 65 പേരാണ് മരിച്ചത്. 

ഇന്ന് മാത്രം 2250 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം  39,297 ആയി. 1390 ആണ് മരണസംഖ്യ. മുംബൈയിൽ രോഗികളുടെ എണ്ണ ഇരുപത്തി മൂവായിരം കടന്നു. കോവിഡ്  പ്രതിരോധത്തിൽ സർക്കാർ പരാജയമാണെന്നാരോപിച്ച് മെയ് 22 പ്രതിഷേധം സംഘടിപ്പിക്കാൻ ബിജെപി തീരുമാനിച്ചു. സർക്കാർ വീഴ്ച ചൂണ്ടിക്കാട്ടി ദേവേന്ദ്ര ഫഡ്നാവിസിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ ഇന്നലെ ഗവർണറെ കണ്ടു. 

അതിനിടെ, മുംബൈ നഗരത്തിൽ കോവിഡ് പോസറ്റീവായ നൂറിലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് മുൻസിപ്പൽ കോർപ്പറേഷൻ അറിയിക്കുന്നത്. കോവിഡ് പരിശോധനയക്കെത്തിയപ്പോൾ തെറ്റായ പേരുവിവരങ്ങൾ നൽകിയവരാണിവർ. കോവിഡ് ഏറ്റവും കൂടുതൽ ആശങ്ക ഉയർത്തുന്ന ധാരാവിയിൽ മാത്രം  29 പേരെയാണ് ഇത്തരത്തിൽ  കണ്ടെത്താനുള്ളത്. സിസിടിവി ഉൾപ്പടെ ഉപയോഗിച്ച് ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. അതേസമയം, മഹാരാഷ്ട്രയിൽ രോഗമുക്തി നേടിയവരുടെ എണ്ണം പതിനായിരം കടന്നു.