കൂടുതൽ ഇളവുകൾ, കുറയാതെ വ്യാപനം; കടുത്ത ആശങ്കയിൽ രാജ്യം

രാജ്യത്ത് ജനജീവിതം സാധാരണ നിലയിലേക്കെത്തുമ്പോഴും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇന്നലെയാണ്. കോവിഡ് ബാധിതരുടെ ആകെ എണ്ണം 1,06,750 ആയി ഉയർന്നു. ആകെ മരണം 3,303 ആണ്. 

നാലാം ഘട്ട ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുമ്പോഴും കോവിഡ് വ്യാപനം കുറയാത്തത് ആശങ്കയുയർത്തുന്നുണ്ട്.  കോവിഡ് രോഗികളിൽ 3 ശതമാനം മാത്രമാണ് ഐസിയുവിൽ കഴിയുന്നത്. വെന്റിലേറ്റർ സഹായത്തോടെ കഴിയുന്നത്  0.45 ശതമാനം രോഗികൾ.  കഴിഞ്ഞ നാല് ദിവസമായി ദിവസേന റിപ്പോർട്ട് ചെയ്യപ്പെടുന്നത് അയ്യായിരത്തിനടുത് കേസുകൾ. ഇന്നലെ അത് അയ്യായിരത്തി അറുന്നൂറ് കടന്നു.  എന്നാൽ രോഗ മുക്തി നിരക്ക് 39.62 ശതമാനമായി ഉയർന്നത് ആശ്വാസത്തിന് വക നൽകുന്നുണ്ട്. സാമ്പിൾ പരിശോധന ദിവസം ഒരു ലക്ഷം ആയതാണ് രോഗം ഇത്രയധികം റിപ്പോർട്ട് ചെയ്യപ്പെടുന്നതിനു കാരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. മഹാരാഷ്ട്രയ്ക്കു പിന്നാലെ തമിഴ്‌നാടും ഗുജറാത്തുമാണ് ആശങ്കപ്പെടുത്തുന്നത്. 

ഗുജറാത്തിൽ ഇന്നലെ  398 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ രോഗബാധിതരുടെ എണ്ണം 12539 ആയി ഉയർന്നു. മരണം 749..തമിഴ്‌നാട്ടിൽ 13191 രോഗം സ്ഥിരീകരിച്ചപ്പോൾ മരണം 87 ആയി. ബംഗാളിലും മരണസംഖ്യ ഉയരുകയാണ്. 182 പേർ ബംഗാളിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു. ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 11088 ആയി. മരണം 176.. ഈ മാസം 31 വരെ നോയിഡയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു