മഹാരാഷ്ട്രയിൽ പിടിമുറുക്കി കോവിഡ്; 24 മണിക്കൂറിൽ 76 മരണം

മഹാരാഷ്ട്രയില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ 76 കോവിഡ് മരണം. രോഗികളുടെ എണ്ണം നാല്‍പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഗുജറാത്തില്‍ തുടര്‍ച്ചയായ 21ാം ദിവസവും മുന്നൂറിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

പ്രതിദിനം രണ്ടായിരത്തിലേറെ പുതിയ കേസുകള്‍, അന്‍പതിലേറെ മരണം. കോവിഡ് വ്യാപനം അതിശക്തമാണ് മഹാരാഷ്ട്രയില്‍. രാജ്യത്ത് ആകെയുള്ള കോവിഡ് കേസുകളില്‍  36.7 ശതമാനവും മഹാരാഷ്ട്രയിലാണ്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്‍തത് 2127 കേസുകള്‍. ഇരുപത്തിനാല് മണിക്കൂറിനിടെയുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്‍തത്. 76 പേര്‍ക്ക് കൂടി ജീവന്‍ നഷ്‍ടമായതോടെ മരണസംഖ്യ 1325 ആയി. ഇത് തുടര്‍ച്ചയായ മൂന്നാംദിവസമാണ് രണ്ടായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 

ആകെ കേസുകള്‍ 37,136. മുംബൈയില്‍ കോവിഡ് മരണം 800 ആയി. 22,563 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്‍തു. മഹാരാഷ്‍ട്രയുടെ അയല്‍സംസ്ഥാനമായ ഗുജാത്തില്‍ കേസുകള്‍ പന്ത്രണ്ടായിരം കടന്നു. ആകെ 12,141 കേസുകള്‍ ഇന്നലെ 25 പേര്‍ മരിച്ചതോടെ മരണസംഖ്യ 719 ആയി. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ഹോട്ട് സ്പോട്ടായ അഹമ്മദാബാദില്‍ കേസുകള്‍  8945 ആയി. 576 പേര്‍ നഗരത്തില്‍ ഇതുവരെ മരിച്ചു.