രാജ്യത്ത് വേരാഴ്ത്തി വൈറസ്; ഉലഞ്ഞ് സംസ്ഥാനങ്ങൾ

രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ അയ്യായിരത്തി അറുന്നൂറ്റി പതിനൊന്ന് കേസുകളും നൂറ്റി നാൽപ്പത്  മരണവും റിപ്പോർട്ട് ചെയ്തു. കേസുകളുടെ കാര്യത്തിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. രാജ്യത്ത് ആകെ കോവിഡ് കേസുകൾ ഒരു ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി അൻപതായി.  ആകെ മരണം മൂവായിരത്തി മുന്നൂറ്റി മൂന്നാണ്. ഇതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ നിർമാൺ ഭവൻ താൽക്കാലികമായി അടച്ചു.  

രാജ്യം അനിവാര്യമായ ഇളവുകളിലേക്ക് പടിയിറങ്ങുമ്പോൾ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്നുവെന്ന് ആരോഗ്യമന്ത്രാലയ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,611 കേസുകൾ റിപ്പോർട്ട് ചെയ്തതിലൂടെ ഒരുദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ നാലുദിവസമായി നാലായിരത്തി അഞ്ഞൂറിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിൽ രണ്ടുദിവസം അയ്യായിരം കടക്കുകയും ചെയ്തു. രാജ്യത്ത് 42,298 രോഗമുക്തി നേടി. ഒന്നാംഘട്ട ലോക്ഡൗൺ സമയത്ത് രോഗമുക്തി നേടിയവർ ഏഴു  ശതമാനം മാത്രമായിരുന്നുവെന്നും ഇന്നത് നാൽപ്പത് ശതമാനമായെന്നും ആരോഗ്യമന്ത്രാലയ ജോയിന്റെ സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞ

രാജ്യത്ത് പരിശോധന 25 ലക്ഷം പിന്നിട്ടെന്ന് ഐ.സി.എം.ആർ അറിയിച്ചു. 24 മണിക്കൂറിനിടെ ഒരുലക്ഷത്തി എണ്ണായിരം സാംപിളുകളാണ് പരിശോധിച്ചത്. ഇതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഡയറക്ട‌ർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ ഓഫീസിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. അണുമുക്തമാക്കുന്നതിനായി മന്ത്രാലയം സ്ഥിതി ചെയ്യുന്ന നിർമാൺഭവൻ താൽക്കാലികമായി അടച്ചു. ഡൽഹി വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സി.ഐ.എസ്.എഫിൽ കോവിഡ് ബാധിതർ 96 ആയി. ഡൽഹി രോഹിണി ജയിലിലെ ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതായി തീഹാർ ജയിൽ അറിയിച്ചു. രോഗവ്യാപനത്തിൽ മുന്നിലുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകൾ മുപ്പത്തി ഏഴായിരം കടന്നു. ഡൽഹിയിൽ 534 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ 11,000 കടന്നു. രാജസ്ഥാനിൽ 61 കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കേസുകൾ 5,906 ആയി. ബിഹാറിൽ 54 കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്തതോടെ ആകെ കേസുകൾ ആയിരത്തി അഞ്ഞൂറ് കടന്നു.