ലോക്ഡൗൺ ഗുണമായി; ഗംഗാ നദിയിൽ അമ്പരപ്പിക്കുന്ന മാറ്റം; വിഡിയോ

കോടികൾ ചെലവഴിച്ചിട്ടും ശുദ്ധിയാവാതെ ഒഴുകിയ ഗംഗാ നദി ഇപ്പോൾ മലിനീകരണം ഇല്ലാതെ ഒഴുകുന്നു. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം ഗംഗാനദിയിൽ വൻമാറ്റങ്ങളാണ് കാണുന്നത്. ഇൗ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. 

വ്യവസായശാലകള്‍ അടച്ചതോടെ ഹരിദ്വാറില്‍ ഗംഗാ നദിയിലെ മലിനീകരണം കുറഞ്ഞതായി എഎൻഐ പുറത്തുവിട്ട വിഡിയോയിൽ പറയുന്നു. ഹര്‍ കി പൌഡി അടച്ചതും ഇവിടെ ഗുണം ചെയ്തു എന്നാണ് എഎന്‍ഐയുടെ റിപ്പോർട്ട്. രാജ്യത്ത് വായുമലിനീകരണവും കുറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. 

അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിതര്‍ ഏറെയുള്ള  ഹോട്സ്പോട്ട് ജില്ലകള്‍ ലോക്ഡൗണിനു ശേഷവും അടച്ചിടാനാണ് ആലോചന. ഇതില്‍ കേരളത്തില്‍നിന്നുള്ള ഏഴ് ജില്ലകളും ഉള്‍പ്പെടും. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാര്‍കോട് ജില്ലകളിലായിരിക്കും നിയന്ത്രണം തുടരുക. ഹോട്സ്പോട്ടുകളില്‍ പരിശോധന വ്യാപകമാക്കാനും തീരുമാനമായി. ഇതിനായി ഏഴു ലക്ഷം പരിശോധനാ കിറ്റുകള്‍ ഐസിഎംആര്‍ ലഭ്യമാക്കും. ‌