മുൻ മണ്ഡലത്തെ മറക്കാതെ രാഹുല്‍; മെഡിക്കൽ കിറ്റ് അമേഠിയിലേക്കും എത്തിച്ചു

അമേഠിയിലേക്ക് കോവിഡ് പ്രതിരോധ മെഡിക്കൽ കിറ്റുകളയച്ച് കോൺഗ്രസ് അധ്യക്ഷനും അമേഠിയില്‍ നിന്നുള്ള  മുൻ എംപി  കൂടിയുമായ രാഹുൽ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 12,000 സാനിറ്റൈസറുകൾ‍, 20,000 ഫെയ്‌സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവ അയച്ചതായി, കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിംഗാല്‍ അറിയിച്ചു.  കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിർദേശിച്ചതായും പ്രദീപ് സിംഗാല്‍ പറഞ്ഞു.  ഗോതമ്പും അരിയും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ നേരത്തേ അയച്ചിരുന്നുവെന്നും സിംഗാല്‍ പറഞ്ഞു.

നിലവില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠി മണ്ഡലത്തിൽ നിന്നുള്ള എംപി. എന്നാല്‍കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് സീറ്റ് നഷ്ടപ്പെട്ടെങ്കിലും നിലവില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് രാഹുല്‍ ഗാന്ധി. വയനാട്ടിലേക്ക് മുൻപു തന്നെ മെഡിക്കല്‍ കിറ്റുകള്‍ എത്തിച്ചിരുന്നു.