ഉൽപ്പാദനത്തിനൊത്ത് ഡിമാൻഡില്ല; എണ്ണ സംഭരണശാലകൾ അതിവേഗം നിറയുന്നു

ലോകത്തെ എണ്ണ സംഭരണശാലകൾ അതിവേഗം നിറയുന്നതായി റിപ്പോർട്ട്. എണ്ണയുടെ ഡിമാൻഡിൽ കുറവ് വരികയും ഉല്പാദനം കൂടുകയും ചെയ്തതോടെയാണ് ഇത്. അധികം വൈകാതെ എണ്ണവില പൂജ്യത്തിലേക്ക് താഴാൻ സാധ്യതയുണ്ടെന്നും വിദഗ്ധർ പറയുന്നു.

അമേരിക്കയിലെ വയോമിങ് ക്രൂഡ് വില കഴിഞ്ഞ ദിവസമാണ് നെഗറ്റീവിലേക്ക് താഴ്ന്നത്. എണ്ണ സംഭരണശാല നിറയുകയും വിൽപ്പന കുത്തനെ കുറയുകയും ചെയ്തതോടെ ആണ് വയോമിങ് ക്രൂഡിന്റെ വില പൂജ്യത്തിന് താഴേക്ക് പോയത്. ഉപഭോക്താക്കൾക്ക് അങ്ങോട്ട് പണം കൊടുത്ത് എണ്ണ  എടുത്തു കൊണ്ടു പോകാൻ പറയുന്ന അവസ്ഥയിലേക്ക് ക്രൂഡ് വില ഇടിയുന്ന അവസ്ഥയാണ്  വൈറസ് മൂലം ഉണ്ടായിരിക്കുന്നത്അ. ധികം വൈകാതെ ഇതൊരു ആഗോള പ്രതിഭാസമായി മാറുമെന്നാണ് വിദഗ്ധർ പറയുന്നത്. സൗദി അറേബ്യ തുടക്കമിട്ട എണ്ണവില യുദ്ധം കൊടുമ്പിരി കൊള്ളുകയും, അതേസമയം കോവിഡ്  വൈറസ് മൂലം എണ്ണയുടെ ഡിമാൻഡ് കുത്തനെ താഴുകയും ചെയ്തതോടെ എണ്ണവിലയുടെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. വില കുറയുകയും ഡിമാൻഡ് താഴുകയും ചെയ്തതോടെ അസംസ്കൃത എണ്ണ പരമാവധി സംഭരിച്ചു വെക്കാനുള്ള ശ്രമത്തിലാണ് ഉത്പാദകരും ഉപഭോക്ത രാജ്യങ്ങളും.

ഈ നിലയിൽ പോവുകയാണെങ്കിൽ അധികംവൈകാതെ ആഗോളതലത്തിലുള്ള എണ്ണ സംഭരണശാലകൾ എല്ലാം നിറയും എന്നാണ് കണക്കുകൂട്ടുന്നത്. അങ്ങനെ വന്നാൽ എണ്ണവില കുത്തനെ താഴുന്ന  സാഹചര്യമുണ്ടാകും.വില പൂജ്യത്തിലേക്ക് താഴാൻ പോലും സാധ്യത ഉണ്ട്.  കോവിഡ്  റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആഗോളതലത്തിൽ ഗതാഗത മാർഗ്ഗങ്ങൾ എല്ലാം സ്തംഭിച്ച് അവസ്ഥയാണുള്ളത്. റോഡുകളും റെയിൽ,  വ്യോമഗതാഗവും  നടക്കുന്നില്ല. ഇതോടെ എണ്ണയുടെ ഉപഭോഗത്തിൽ കാര്യമായ ഇടിവ് സംഭവിച്ചു. കഴിഞ്ഞ 18 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് എണ്ണവില ഇപ്പോൾ വ്യാപാരം നടക്കുന്നത്.