138 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില കൂട്ടി; ക്രൂഡ് വിലയും കുതിച്ചുയരുന്നു

നാലു മാസത്തിനുശേഷം രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. പാചക വാതക വില സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു.  അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് മരവിപ്പിച്ച വില വര്‍ധന  ഫലം വന്ന് ഒരാഴ്ച കഴിഞ്ഞാണാണ് പുനരാരംഭിക്കുന്നത്.  വില ഇനിയും കൂടുമെന്നാണ് രാജ്യാന്തര വിപണിയിലെ ക്രൂഡ് ഒായില്‍ വില വര്‍ധന നല്‍കുന്ന സൂചന. 

137 ദിവസത്തെ മരവിപ്പിക്കലിനുശേഷമാണ് പുതിയ നിരക്ക് പ്രാബല്യത്തിലായത്. തിരുവനന്തപുരത്ത് പെട്രോളിന് 107 രൂപ 25 പൈസയും കൊച്ചിയില്‍ 105 രൂപ 18 പൈസയും കോഴിക്കോട് 105 രൂപ 45 പൈസയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 94 രൂപ 32 പൈസയും കൊച്ചിയില്‍ 92 രൂപ 40  പൈസയും കോഴിക്കോട് 92 രൂപ 61 പൈസയും നല്‍കണം.

അഞ്ചുമാസത്തിനുശേഷമാണ് ഗാര്‍ഹിക സിലിണ്ടറിന് വിലകൂട്ടുന്നത്. കൊച്ചിയിലെ വില 956. 50 രൂപയായി. വാണിജ്യസിലിണ്ടറിന് എട്ടു രൂപ കുറച്ചു. രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഒായില്‍ വിലയും കുതിച്ചുയരുകയാണ്. ഇന്നലെ 111 ഡോളറായിരുന്ന ഒരു ബാരല്‍ ക്രൂഡ് ഒായില്‍ വില ഇന്ന് 117 ഡോളറായി ഉയര്‍ന്നു. 2021 നവംബര്‍ നാലിന് അവസാനമായി ഇന്ധവില  വര്‍ധിപ്പിച്ചപ്പോള്‍ ക്രൂഡ് ഒായില്‍ വില 84 ഡോളറായിരുന്നു. നാലു മാസത്തിനിടെ വര്‍ധിച്ചത് 33 ഡോളര്‍. യുക്രെയ്ന്‍ യുദ്ധമാണ് പെട്ടെന്നുള്ള ക്രൂഡ് ഒായില്‍ വിലക്കുതിപ്പിന് പ്രധാന കാരണം. ഇതിനു പുറമെ ബസ് , ടാക്സി ചാര്‍ജ് വര്‍ധനയും ഉടന്‍ വരുന്നുണ്ട്. ഏപ്രില്‍ വെളളക്കരവും മേയില്‍ വൈദ്യുതി ചാര്‍ജും കൂട്ടിയേക്കും. കുടംബം ബജററ് മൊത്തത്തില്‍ താളം തെറ്റാന്‍ പോകുന്നുവെന്ന് സാരം.