ലോക്ക്ഡൗൺ പ്രഖ്യാപിച്ച് മോദി; ലംഘിച്ച് യോഗിയും കൂട്ടരും അയോധ്യയിൽ: ചടങ്ങ്

കോവിഡ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 21 ദിവസം ലോക്ക്ഡൗൺ പ്രഖ്യാപിച്ച് 12 മണിക്കൂറിനകം ലംഘിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബുധനാഴ്ച പുലര്‍ച്ചെ അയോധ്യയിൽ തകര ഷെഡില്‍ സൂക്ഷിച്ചിരുന്ന രാമവിഗ്രഹം, ക്ഷേത്ര മാതൃകയിലുള്ള ഫൈബര്‍ കൂടാരത്തിലേക്കു മാറ്റുന്ന ചടങ്ങിലാണു യോഗിയും കൂട്ടരും പങ്കെടുത്തത്. രാമക്ഷേത്രം പൂർത്തിയാകുന്നതു വരെ വിഗ്രഹം ഇവിടെയാണ് ഇരിക്കുക.

ചൊവ്വാഴ്ച രാത്രിയിലാണു യോഗി അയോധ്യയിലെത്തിയത്. രാമക്ഷേത്ര നിർമാണത്തിന്റെ ആദ്യഘട്ടമാണിതെന്നു യോഗി ട്വീറ്റ് ചെയ്തു. ഇരുപതോളം പേരാണു മുഖ്യമന്ത്രിക്കൊപ്പം ചടങ്ങിൽ പങ്കെടുത്തത്. അയോധ്യ ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവിയും സന്യാസിമാരും പങ്കെടുത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഏപ്രില്‍ രണ്ടുവരെ നഗരത്തിലേക്കു തീർഥാടകര്‍ പ്രവേശിക്കുന്നത് അയോധ്യ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച അർധരാത്രി മുതൽ 21 ദിവസം രാജ്യം പൂർണമായി അടച്ചിടുമെന്നാണു (സമ്പൂർണ ലോക്ക് ഡൗൺ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഓരോ ഇന്ത്യക്കാരനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിച്ച് വീട്ടിലിരിക്കണം. ജനങ്ങൾ വീടുവിട്ടു പുറത്തിറങ്ങരുത്. ആളുകള്‍ കൂട്ടംചേരുന്ന എല്ലാ ചടങ്ങുകളും ഒഴിവാക്കണം. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ അടച്ചിടാനും കേന്ദ്ര സർക്കാർ ‌നിര്‍ദേശിച്ചിരുന്നു.