ഞങ്ങളെ പരിപാലിച്ചത് രാഹുല്‍; എല്ലാം രഹസ്യമാക്കാന്‍ ശഠിച്ചു: നിര്‍ഭയയുടെ പിതാവ്

ഏഴാണ്ട് നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് മുന്നിലാണ് ഈ അച്ഛനും അമ്മയും ഇന്ന് തലയുയര്‍ത്തി നില്‍ക്കുന്നത്. അവരുടെ മുഖത്ത് തെളിയുന്നത് കണ്ണീരിന്റെ നിറവും രുചിയുമുള്ള ആശ്വാസമാണ്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍‌ ആശ്വാസമായ ഒരാളെപ്പറ്റി പലകുറി പറഞ്ഞിട്ടുണ്ട് അവര്‍. ആ കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പേര്.

തന്റെ മകൾ ഇരയായ ആ അതിനീചമായ സംഭവത്തിന് ശേഷം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിസ്വാർത്ഥ സ്നേഹവും, കരുതലും, സഹായവും അനുഭവിച്ചതിലാണ് നിർഭയയുടെ അച്ഛന് വാചാലനായത്‍. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും വിശ്വസിക്കുന്നില്ല. എന്നാല്‍ ആ അതിഭീകരമായ അവസ്ഥയിലൂടെ തന്റെ കുടുംബം കടന്നുപോയപ്പോൾ താങ്ങായും തണലായും ഒപ്പം നിന്നത് രാഹുൽ ഗാന്ധി മാത്രമാണ്. അദ്ദേഹം തന്റെ കുടുംബത്തെ സാമ്പത്തികമായി വരെ സഹായിച്ചിരുന്നു. എന്നാൽ ഇക്കാര്യങ്ങൾ ഒന്നും മാധ്യമങ്ങള്‍ക്കിടയിലേക്ക് അദ്ദേഹം വലിച്ചിഴച്ചില്ല. പകരം എല്ലാം രഹസ്യമായി സൂക്ഷിക്കണമെന്ന് തങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം തന്നുവെന്നും ന്യൂസ് ഏജൻസിയായ െഎഎഎൻഎസിനോട് ബദ്രിനാഥ് സിങ് വെളിപ്പെടുത്തി.



'ഒരു മരവിപ്പായി അവളുടെ ഒാർമകൾ അവശേഷിക്കുന്ന ആ വേദനയുടെ കാലഘട്ടത്തിൽ രാഹുൽ തങ്ങൾക്ക് ഒപ്പം നിന്ന് സമാശ്വസിപ്പിച്ചു. ആ വേദനയ്ക്ക് ഇടയിൽ രാഹുലിനെ പോലെ ഒരു നേതാവിന്റെ ഇടപെടൽ ദൈവികമായി തോന്നി. നിർഭയയുടെ സഹോദരനെ ഒരു പൈലറ്റ് ആക്കാൻ രാഹുൽ സഹായിച്ചു. ഈ കരുതലിന് താനും കുടുംബവും എങ്ങനെ നന്ദി പറയുമെന്ന് അറിയില്ല. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത് മനുഷ്യത്വമാണ്. രാഷ്ട്രീയമല്ല'. വാക്കുകൾ ഇടറി ആ പിതാവ് പറ‍ഞ്ഞു.

'മകന് രാഹുലിന്റെ ഭാഗത്തുനിന്ന് വലിയ പിന്തുണയും പ്രോത്സാഹനവും ഉണ്ടായിരുന്നു. ഇപ്പോൾ അവൻ ട്രെയിനിങ് കഴിഞ്ഞ് ഇൻഡിഗോയിൽ ജോലി നോക്കുകയാണ്'. ഇതെല്ലാം സാധ്യമായത് രാഹുൽ ഒറ്റ ഒരാളുടെ പിന്തുണ മൂലമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് നിര്‍‌ഭയക്കേസിലെ നാലുകുറ്റവാളികളെയും തൂക്കിലേറ്റിയത്. തിഹാര്‍ ജയിലില്‍ രാവിലെ അഞ്ചരയ്ക്കാണ് മുകേഷ് സിങ്, പവന്‍ഗുപ്ത, വിനയ് ശര്‍മ, അക്ഷയ് താക്കൂര്‍ എന്നിവരെ ഒരുമിച്ച് തൂക്കിലേറ്റിയത്. ശിക്ഷ മാറ്റിവയ്‍ക്കണമെന്ന പവന്‍ഗുപ്തയുടെ ഹര്‍ജി പുലര്‍ച്ചയെ മൂന്നരയ്‍ക്ക് സുപ്രീംകോടതി തള്ളിയതോടെ മരണവാറന്റ് അനുസരിച്ച് കൃത്യസമയത്ത് ശിക്ഷ നടപ്പാക്കുകയായിരുന്നു. രാജ്യമനഃസാക്ഷിയെ ഞെട്ടിച്ച കൊടും കുറ്റകൃത്യം നടന്ന് ഏഴുവര്‍ഷം പിന്നിടുമ്പോഴാണ് നീതി നടപ്പാക്കപ്പെട്ടത്. കുറ്റവാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വധശിക്ഷ മാറ്റിവയ്ക്കാനാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുമ്പോള്‍ സമയം പുലര്‍ച്ചെ 3.40. പിന്നാലെ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ തിഹാര്‍ ജയിലില്‍ ആരംഭിച്ചു. നാലരയ്‍ക്ക് വധശിക്ഷ നടപ്പാക്കാന്‍ പോകുന്ന കാര്യം ജയില്‍ സുപ്രണ്ട് ഓരോ കുറ്റവാളിയെയും സെല്ലിലെത്തി അറിയിച്ചു. ജയില്‍ വസ്ത്രം മാറ്റി വെള്ള കുര്‍ത്തയും പൈജാമയും ധരിപ്പിച്ചു. ശേഷം മരണവാറന്‍റ് ഓരോരത്തരെയും സുപ്രണ്ട് പ്രത്യേകം വായിച്ച് കേള്‍പ്പിച്ചു. പിന്നെ വൈദ്യ പരിശോധന.

കുറ്റവാളികള്‍ പൂര്‍ണ ആരോഗ്യവാന്മാരാണെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ്. അന്ത്യാഭിലാഷവും വില്‍പത്രവും ഇല്ലെന്ന് പ്രതികള്‍ ജയിധികൃതരെ അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കുറ്റവാളികളുടെ കൈകള്‍ പിറകിലേക്ക് കെട്ടി ഓരോരത്തരെയും 5.20ഓടെ തൂക്കുമരത്തട്ടിനടുത്തുള്ള മുറിയിലേക്ക്. എട്ട് ജയിലുദ്യോഗസ്ഥരാണ് ഓരോ കുറ്റവാളിക്ക് ചുറ്റും സുരക്ഷഒരുക്കിയത്. പ്രതികളെ കഴുമരം കാണാന്‍ അനുവദിക്കില്ല.

ജില്ലാ മജിസ്ട്രേട്ടിനും ജയില്‍ ഡി.ജിക്കും മുന്‍പില്‍ വച്ച് കറുത്തതുണിക്കൊണ്ടു മുഖം മറച്ചു. തുടര്‍ന്ന് തൂക്കുമരത്തട്ടിലേക്ക് കയറ്റി. 5.25ന് നാലുപേരുടെയും കഴുത്തില്‍ ആരാച്ചാര്‍ പവന്‍ ജല്ലാഡ് കുരുക്ക് മുറുക്കി. കയറിന്‍റെ ഘടന പരിശോധിച്ച് സുപ്രണ്ടിന്റെ ആദ്യ പച്ചക്കൊടി. പിന്നാലെ കൃത്യം 5.30ന് സൂപ്രണ്ട് അന്തിമ സിഗ്നല്‍ നല്‍കി. ആരാച്ചാര്‍ പവന്‍ ജല്ലാഡ് ലിവര്‍ വലിച്ചു. നിര്‍ഭയയുടെ നാല് ഘാതകരെയും നിയമം ഈ ലോകത്ത് നിന്ന് പറഞ്ഞയച്ചു. പിന്നാലെ ജയില്‍ ഡി.ജി സന്ദീപ് ഗോയല്‍ വധശിക്ഷ നടപ്പാക്കിയത് ഔദ്യോഗികമായി അറിയിച്ചു. ആറുമണിക്ക് തൂക്കുകയറില്‍ നിന്ന് മൃതദേഹങ്ങള്‍ താഴെ ഇറക്കി. ജയില്‍ ഡോക്ടര്‍ പരിശോധിച്ച മരണം സ്ഥീരീകരിച്ചു. ഒന്‍പത് മണിയോടെ തിഹാര്‍വാസം അവസാനിപ്പിച്ച് മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ദീന്‍ദയാല്‍ ഉപാധ്യായ് ആശുപത്രിയിലേക്ക്.

നിര്‍‌ഭയയ്‍ക്ക് വേണ്ടി പൊരുതിയവര്‍ക്ക് പ്രതീകാത്മകമായെങ്കിലും നീതി ലഭിച്ചു. എന്നാല്‍ നിര്‍ഭയമാര്‍ ഉണ്ടാകാതിരിക്കുമ്പോള്‍ മാത്രമേ യഥാര്‍ഥ നീതി നടപ്പാകൂ. കോവിഡിനെ നേരിടാന്‍ ഇപ്പോള്‍ സമൂഹം കാട്ടുന്നതിനെക്കാള്‍ വലിയ കരുതലും ജാഗ്രതയും അവബോധവും തന്നെയാണ് അതിനുവേണ്ടത്.