ഇന്ദിരാവധത്തിലെ പ്രതികളെ തൂക്കിലേറ്റിയ കുടുംബം; ആരാച്ചാരുടെ ശമ്പളം ഇങ്ങനെ

രാജ്യം കാത്തിരുന്ന വിധി നടപ്പായി. നിർഭയകേസിലെ പ്രതികളെ തൂക്കിലേറ്റാനുള്ള നിയോഗം യുപിയിലെ പവൻ ജല്ലാദിനായിരുന്നു. വിധി നടപ്പിലാക്കിയ ശേഷം കർശന സുരക്ഷയുടെ നിഴലിലാണ് പവനെ ജയിൽ വളപ്പിന് പുറത്തെത്തിച്ചത്. 

‘ഞാൻ ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു, ജീവിതത്തിൽ ആദ്യമായി ഈ ജോലിയുടെ ആനന്ദം ഞാൻ തിരിച്ചറിയുന്നു. ഈ നാലു പേരെ തൂക്കിലേറ്റിയതിൽ ഞാൻ അത്യന്തം സന്തോഷവാനാണ്. ദൈവത്തിനും ജയിൽ അധികൃതർക്കും നന്ദി’– ചരിത്ര വിധി നടപ്പിലാക്കിയ ശേഷം പവന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

നാല് പ്രതികളെ തൂക്കിലേറ്റിയതിന് 15000 രൂപ വീതം 60,000 രൂപ ശമ്പളമാണ് പവന് ലഭിച്ചതെന്നാണ് വിവരം. ആഗ്ര ജയിലില്‍ ബലാത്സംഗകേസ് പ്രതി ജുമ്മനെ കഴുമരമേറ്റി. ജയ്പൂരിലും അലഹബാദിലുമായി രണ്ടുപേരെ. പട്യാലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ രണ്ടുപേരുടെയും വധശിക്ഷ പവന്‍ ഇതുവരെ നടപ്പാക്കിയിട്ടുണ്ട്.

ജല്ലാദ് എന്നാല്‍ ഹിന്ദിയില്‍ ആരാച്ചാര്‍. ശിക്ഷനടപ്പാക്കാന്‍ ജനിക്കുന്നവര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നവരാണ് ജല്ലാദുമാര്‍. പാരമ്പര്യമായി ഈ തൊഴില്‍ ചെയ്യുന്ന കുടുംബമായതിനാല്‍ പവന്‍, പവന്‍ ജല്ലാദായി. നാലാം തലമുറയിലെ ആരാച്ചാരാണ് പവൻ. പവന്റെ മുത്തച്ഛന്‍ കല്ലുറാമും കല്ലുറാമിന്റെ അച്ഛന്‍ ലക്ഷ്മണും ആരാച്ചാർമാര്‍ ആയിരുന്നു. കല്ലുറാമിന്റെ മരണശേഷം മകന്‍ മുമ്മുവും, മുമ്മുവിന്റെ മരണ ശേഷം പവനും ഇതേ തൊഴിലിലെത്തി.

ഇന്ദിരാ ഗാന്ധി ഘാതകനായ ബിയാന്ത് സിങ്ങിനെയും സത്വന്ത് സിങ്ങിനെയും തൂക്കിലേറ്റിയത് കല്ലുറാം ആയിരുന്നു. ഇരുപത്തിമൂന്നാം വയസ്സില്‍ മുത്തച്ഛനും അച്ഛനുമൊപ്പം കഴുവേറ്റാന്‍ പോയ അനുഭവവും പവന് ഉണ്ട്.