എത്ര രൂപക്കാണ് നിങ്ങളെ വിൽക്കാൻ വച്ചിരിക്കുന്നത്? കേജ്‍രിവാളിനെ പരിഹസിച്ച് അനുരാഗ് കശ്യപ്

കനയ്യകുമാറിനെ വിചാരണ െചയ്യാൻ ഡല്‍ഹി സർക്കാർ അനുമതി നൽകിയതിനെതിരെ പ്രതികരിച്ച് ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. ഡല്‍ഹിയിലെ ആം ആദ്മി സർക്കാരിനും കേജ്‍രിവാളിനുമെതിരെ ആഞ്ഞടിച്ച അനുരാഗ് കശ്യപ് കേജ്‍രിവാളിനെ നട്ടെട്ടില്ലാത്തവൻ എന്നു വിളിച്ചാൽ അതും പ്രശംസയാകുമെന്ന് ട്വീറ്റ് ചെയ്തു.

ട‍്വീറ്റ് ഇങ്ങനെ: ''‘മഹാനായ അരവിന്ദ് കേജ്‍രിവാള്‍ജി, നിങ്ങളോട് എന്ത് പറയാനാണ്. നട്ടെല്ലില്ലെന്ന് പറഞ്ഞാല്‍ അതും പ്രശംസയാകും, താങ്കള്‍ അത്രയ്ക്ക് പോലുമില്ല. ആംആദ്മി തീരെയില്ല. എത്ര രൂപയ്ക്കാണ് നിങ്ങളെ വില്‍പനക്ക് വച്ചിരിക്കുന്നത്''?

സംഭവത്തെക്കുറിച്ചുള്ള കനയ്യകുമാറിന്റെ പ്രതികരണ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് അനുരാഗ് കശ്യപിന്റെ വാക്കുകള്‍. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ഉന്നമിടുകയാണെന്നായിരുന്നു കനയ്യയുടെ പ്രതികരണം.  വിചാരണ ടെലിവിഷന്‍ ചാനലുകളില്‍ നടത്താതെ നിയമപ്രകാരം എത്രയും വേഗം കോടതിയില്‍ നടത്തണമെന്നും കനയ്യകുമാർ ആവശ്യപ്പെട്ടു.

നാലു വർഷം മുൻപ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥി നേതാവായിരിക്കെ അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് കനയ്യയ്‌ക്കെതിരെ കേസെടുത്തത്. കനയ്യകുമാര്‍ അടക്കം 10 പേരെ വിചാരണ ചെയ്യാനാണ് കെജ്‍രിവാള്‍ സര്‍ക്കാരിന്റെ അനുമതി.