ആവർത്തിക്കുന്ന ആ ഡൽഹി 'പാറ്റേൺ'; നിരീക്ഷകരെപ്പോലും കുഴക്കുന്ന വോട്ട് ചരിത്രം

രാജ്യമൊന്നാകെ തലസ്ഥാനഗരിയിലേക്ക് ഉറ്റുനോക്കുമ്പോൾ രാഷ്ട്രീയ നിരീക്ഷകരെപ്പോലും കുഴക്കുന്ന ഒരു സ്ഥിരം പാറ്റേണുണ്ട്, ഡൽഹിയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ...

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുന്നതും. എന്നാൽ ആവർത്തിച്ചുവരുന്ന ആ 'പാറ്റേൺ' കൊണ്ടു തന്നെയാകണം പാര്‍ട്ടി അധ്യക്ഷൻ അമിത് ഷാ തന്നെ ബിജെപി പ്രചാരണത്തിന് നേരിട്ട് ഇറങ്ങിയതും. 1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്, ബിജെപി അഞ്ചിലും. 1993ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തുകയും ചെയ്തു.

1996ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2, ബിജെപി 5 എന്നിങ്ങനെയായിരുന്നു സീറ്റുനില. 1998ൽ കോൺഗ്രസിന് ഒരു സീറ്റായി ചുരുങ്ങി, ബിജെപിക്ക് ആറും. എന്നാൽ അതേവർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അധികാരത്തിലെത്തിയത് 52 സീറ്റുമായി കോൺഗ്രസ്. ബിജെപി നേടിയത് 15 സീറ്റ്.

1999ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. 2003-ൽ ഡൽഹയിൽ അധികാരത്തിലെത്തിയതാകട്ടെ കോൺഗ്രസും– 47 സീറ്റ്. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ആറ് സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്ക് ലഭിച്ചത് ഒന്ന്. 2008ൽ പക്ഷേ കോൺഗ്രസ് തന്നെ നിയമസഭയിലേക്ക് ജയിച്ചു– 43 സീറ്റ്. 23 സീറ്റ് ബിജെപിയും സ്വന്തമാക്കി.

2009ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും കോൺഗ്രസിലായിരുന്നു. 2013ൽ നിയമസഭയിലേക്ക് ജയിച്ചുകയറിയതാകട്ടെ 28 സീറ്റുമായി എഎപിയും. 31 സീറ്റ് ബിജെപി നേടി. 8 സീറ്റ് കോൺഗ്രസും. 2015ലാകട്ടെ എഎപി നേടിയത് 67 സീറ്റ്! ഡൽഹി രാഷ്ട്രീയത്തെ മാറ്റിമറിച്ച പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെടുകയായിരുന്നു അവിടെ. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും സ്വന്തമാക്കിയെങ്കിലും ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടിറങ്ങി ഡൽഹി പ്രചാരണത്തിന്റെ കടിഞ്ഞാൺ കയ്യിലേന്തിയതിനു പിന്നിലും ഈ കണക്കുകളാണ്.

തലസ്ഥാനത്തെ സംബന്ധിച്ച് പോളിങ് ശതമാനവും നിർണായകമാണ്. 2013ലും (65.63%) 2015ലും (67.12%) ഡൽഹിയിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തിയപ്പോഴായിരുന്നു എഎപി ജയിച്ചുകയറിയത്. പോളിങ് ശതമാനം 61.75ലെത്തിയ 1993ൽ ബിജെപിയും ജയിച്ചു. ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയ 1998ലും (48.99%) 2003ലും (53.42%) 2008ലും (57.58%) കോൺഗ്രസിനായിരുന്നു ജയം.

എന്നാൽ 2012ലെ ആം ആദ്മിയുടെ വരവിനപ്പുറം മാറിമറഞ്ഞ ഡൽഹിയുടെ രാഷ്ട്രീയക്കളത്തിൽ ഇത്തവണത്തെ പോളിങ് ശതമാനം വിരൽചൂണ്ടുന്നത് ആരുടെ വിജയത്തിലേക്കാണ്?  62.59% ആണ് ഡൽഹിയിലെ പോളിങ്. 2015-നേക്കാളും 4.53 ശതമാനത്തിന്റെ കുറവ്.  പോളിങ് 60% കടന്നുവെന്നത് എഎപിക്ക് ക്യാംപിൽ ആശ്വാസമായിരുന്നു, ആദ്യ ഫലസൂചനകൾ വ്യക്തമാക്കുന്നതും അതുതന്നെ. 

ആദ്യഫലങ്ങൾ ഇങ്ങനെ:

ഡല്‍ഹി നിയമസഭാതിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യറൗണ്ടില്‍ അന്‍പത് സീറ്റ് പിന്നിട്ട് ആം ആദ്മി. ബിജെപി 2015ലേക്കാള്‍ മികച്ച നിലയിലാണ്. വെസ്റ്റ് ഡല്‍ഹി, നോര്‍ത്ത് ‍ഡല്‍ഹി മേഖലകളില്‍ ബിജെപി തിരിച്ചുവരവാണ് തുടക്കത്തിലെ ഫലസൂചനകളിൽ കാണാൻ കഴിയുന്നത്.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ അരവിന്ദ് കേജ്‍രിവാളിന് ലീഡ് നിലനിർത്തുന്നു. പട്പട്ഗഞ്ചില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ മുന്നിലാണ്. ബല്ലിമാരനില്‍ കോണ്‍ഗ്രസ് നേതാവ് ഹാറൂണ്‍ യൂസുഫ് മുന്നിലാണ്. ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ലയില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലെന്നതും ആംആദ്മിക്ക് ആത്മവിശ്വാസം ഏകുന്നു.

അതേസമയം, നിലവിലെ സൂചന പ്രകാരം ന്യൂനപക്ഷവോട്ടുകൾ ആംആദ്മിക്ക് നഷ്ടമായില്ലെന്ന് സൂചന. കോൺഗ്രസിനും ആംആദ്മിക്കുമായി വോട്ടുകൾ വിഘടിക്കുകയാണെങ്കിൽ ബിജെപിക്ക് ഡൽഹിയിൽ വിജയം അനായസം ആയേക്കും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാൽ പുറത്തുവരുന്ന ഫലസൂചനകൾ ആപ്പിന് അനുകൂലമാണ്. പൗരത്വനിയമത്തിനെതിരെ ഷാഹീൻബാഗിൽ വൻ പ്രതിഷേധം നടന്നുവരുന്നതിനിടെയാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്.