'അന്ന് ദ്രാവിഡും ലക്ഷ്മണും കളി‌യെ മാറ്റി മറിച്ചു'; പരീക്ഷാപ്പേടി മാറ്റാൻ മോദിയുടെ സംവാദം

വിദ്യാർഥികളിലെ പരീക്ഷാപേടി അകറ്റാൻ പരീക്ഷാ പേ ചർച്ച പരിപാടിയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാല്‍ ജീവിതത്തില്‍ വിജയിച്ച് മുന്നേറാന്‍ കഴിയുമെന്ന് മോദി. 

ചന്ദ്രയാന്‍ രണ്ട് ഇറങ്ങുന്നത് കാണാന്‍ പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചു. ഇത് സമ്പൂര്‍ണ വിജയമാകുമെന്ന് ഉറപ്പില്ല എന്നായിരുന്നു അവരുടെ വാദം. ചിലപ്പോള്‍ പരാജയം സംഭവിച്ചേക്കാമെന്നും വിദഗ്ധരില്‍ ചിലര്‍ മുന്നറിയിപ്പ് നല്‍കി. ചന്ദ്രയാന്‍ രണ്ട് വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് തന്നെ അലട്ടിയിരുന്നു. എന്നാല്‍, ഇതൊന്നും കണക്കിലെടുക്കാതെ ശാസ്ത്രജ്ഞന്മാരുമായി ചര്‍ച്ച നടത്തുകയും അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്തത്. രാജ്യത്തിന്റെ സ്വപ്‌നത്തെ കുറിച്ചെല്ലാം പറഞ്ഞ് അവരില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചു. ശാസ്ത്രജ്ഞരുടെ കഠിനപരിശ്രമത്തെ പ്രകീര്‍ത്തിച്ചു. ഇത് അവരുടെ മാത്രമല്ല, രാജ്യത്തിന്റെ ഒന്നടങ്കം മനോഭാവത്തില്‍ മാറ്റം കൊണ്ടുവരാന്‍ സഹായിച്ചുവെന്ന് മോദി വിദ്യാർഥികളോട് പറഞ്ഞു. 

ഇന്ത്യന്‍ ടീം പരാജയഭീതിയില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ദ്രാവിഡിന്റെയും വി വി എസ് ലക്ഷ്മണിന്റെയും കൂട്ടുകെട്ട് കളിയെ മാറ്റിമറിച്ചു. ഇത്തരത്തിൽ പല ഉദാഹരണങ്ങൾ നിരത്തിയാണ് മോദി വിദ്യാർഥികളുമായി സംവദിച്ചത്. പരീക്ഷാ പേടിയും പിരിമുറുക്കവും അകറ്റാന്‍ വേണ്ട നിര്‍ദേശങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു. ഇതുസംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. തന്റെ ഹൃദയത്തെ ഏറ്റവുമധികം തൊട്ടറിഞ്ഞ പരിപാടിയാണിതെന്നും മോദി പറഞ്ഞു.