കശ്മീരിൽ സംഭവിക്കുന്നത്; തുറന്ന് പറഞ്ഞ് തരിഗാമി; വിഡിയോ

ജമ്മു കശ്മീരിലെ സ്ഥിതി ഭയാനകമാണെന്നും ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചിരിക്കുകയാണെന്നും സി പി എം കേന്ദ്ര കമ്മിറ്റിയംഗം യൂസഫ് തരിഗാമി. സി പി എമ്മിന്റെ ജമ്മു കശ്മീരിലെ ഏക എം.എൽ.എ ആയിരുന്നു തരിഗാമി. വിളപ്പിൽശാലയിൽ നടക്കുന്ന സി പി എം കേന്ദ്ര കമ്മിറ്റി യോഗത്തിനെത്തിയപ്പോഴാണ് ജമ്മു കാശ്മീരിലെ സ്ഥിതി തരിഗാമി വിശദീകരിച്ചത്.

ആർട്ടിക്കിൾ 370 റദ്ദാക്കുക വഴി ഭരണഘടനയെ അട്ടിമറിക്കുകയായിരുന്നു കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ആക്രമിക്കപ്പെട്ടു. രാജ്യത്തെ ജനങ്ങളെയാകെ കേന്ദ്ര സർക്കാർ തെറ്റിദ്ധരിപ്പിച്ചു. ജമ്മുവിലെയും കശ്മീരിലെയും ജനങ്ങൾക്ക് രാജ്യത്തെ മറ്റു പ്രദേശവുമായുള്ള ഐക്യത്തിന്റെ അടിത്തറയാണ് കേന്ദ്ര സർക്കാർ തകർത്തത്. അവിടത്തെ ജനങ്ങളെ അപമാനിച്ചു. ജനങ്ങൾക്ക് അടിസ്ഥാന പൗരാവകാശം പോലും നിഷേധിച്ചു. രാഷ്ട്രീയ നേതാക്കളെ കസ്റ്റഡിയിൽ എടുത്തു. തെരുവുകളിൽ എവിടെയും ഇപ്പോഴും സൈന്യവും പൊലീസുമാണ്. മാധ്യമ പ്രവർത്തകരെ വിവരങ്ങൾ നേരിട്ട് ലഭിക്കാത്ത വിധം തടഞ്ഞിരിക്കുന്നു. ഇങ്ങനെയാണോ ജനാധിപത്യം സംരക്ഷിക്കുന്നത്. താഴ്​വരയിലെ കച്ചവടവും കൃഷിയും തകർന്നു. ആപ്പിൾ കച്ചവടക്കാരുടെ നഷ്ടം 1000 കോടിയാണെന്ന് പറയുന്നു.

ഇപ്പോൾ 36 കേന്ദ്ര മന്ത്രിമാർ അവിടേക്ക് വരികയാണ്. 31 പേരും ജമ്മുവിലേക്കാണ്. 5 പേർ കശ്മീരിലേക്ക്. ലഡാക്കിലേക്ക് ആരുമില്ല.

രാജ്യത്തെ മുതിർന്ന നേതാക്കൾ കശ്മീരിലെ ജനങ്ങളുമായി സംസാരിക്കുന്നതിനെ കേന്ദ്ര സർക്കാർ ഭയപ്പെടുകയാണ്. കേന്ദ്ര സർക്കാർ കശ്മീരിനെ പറ്റി കള്ളം പ്രചരിപ്പിക്കരുത്. നിയന്ത്രണങ്ങൾ എടുത്തു മാറ്റാനും തടവിലുള്ള നേതാക്കളെ മോചിപ്പിക്കാനും നരേന്ദ്ര മോദി തയ്യാറാകണം. ഭരണഘടനയും ഫെഡറലിസവും അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിന് ചില ഗവർണർമാർ കൂട്ടുനിൽക്കുകയാണെന്നും കേരളത്തിൽ ഇത് കൂടുതൽ പ്രകടമാക്കുന്നതേയുള്ളു എന്നും തരിഗാമി പറഞ്ഞു.