തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ 3,650 കോടി നേടി ബിജെപി: കണക്ക് ഇങ്ങനെ

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോടികള്‍ നേടി ബിജെപി. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അക്കൗണ്ടില്‍ വീണത് 3,650.76 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന മാര്‍ച്ച് മുതല്‍ മെയ് 23 വരെയുള്ള ദിവസത്തിനിടെ ഏകദേശം ദിനം പ്രതി പാര്‍ട്ടിയുടെ കീശയില്‍ വീണത് 42 കോടി വീതമാണ്.

2014ലുമായി താരതമ്യം ചെയ്യുമ്പോള്‍ ഫണ്ടില്‍ 18 ഇരട്ടിയുടെ വര്‍ധനയാണ് ബിജെപിക്ക് ഉണ്ടായത്. അതേസമയം, കഴിഞ്ഞ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി പ്രചരണത്തിന് ചെലവിട്ടത് 1264 കോടിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി നല്‍കിയ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പുറത്തുവന്നത്. 2014 മാര്‍ച്ച് അഞ്ച് മുതല്‍ മെയ് 16 വരെ 192 കോടി രൂപയാണ് ബിജെപിക്ക് ലഭിച്ചത്. 2014 ലെ കണക്കുകള്‍ വച്ച് കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 77 ശതമാനത്തിന്റെ വര്‍ധനയാണ് ഇത്. കമ്മീഷന് ബിജെപി നല്‍കിയ കണക്കു പ്രകാരം 1078 കോടി ചെലവാക്കിയത് പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനാണെന്നും, 186.5 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും, 6.33 ലക്ഷം മാധ്യമങ്ങളിലെ പരസ്യപ്രചാരണത്തിനും, 46 ലക്ഷം പ്രചരണ സാമഗ്രികള്‍ക്കും, 9.91 കോടി പൊതുസമ്മേളനത്തിനുമാണ്. 2.52 കോടി മറ്റ് പ്രചരണത്തിനും എന്നാണ് പറയുന്നത്.

പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം കോണ്‍ഗ്രസിന്റെ പ്രചരണ ചെലവിലും വര്‍ധനയുണ്ട്. 2014 ല്‍ 516 കോടി ചെലവിട്ട കോണ്‍ഗ്രസിന് 2019ല്‍ എത്തിയപ്പോള്‍ 820 കോടിയാണ് ചെലവ്.