തേജസ് യുദ്ധവിമാനം വിമാനവാഹിനിക്കപ്പലിൽ ഇറങ്ങി; ലോകരാജ്യങ്ങൾക്കൊപ്പം ഇന്ത്യ

തേജസ് പോർവിമാനം വിമാനവാഹിനിക്കപ്പലായ വിക്രമാദിത്യയിൽ വിജയകരമായി ലാൻഡ് ചെയ്തു. ഇതാദ്യമായാണ് ലൈറ്റ് കോംപാറ്റ് എയർക്രാഫ്റ്റിന്റെ നേവി വേരിയന്റ്, തേജസ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലിൽ ലാൻഡ് ചെയ്യുന്നത്. ഇതിനകം തന്നെ വ്യോമസേനയുടെ ഭാഗമാണ് തേജസ്.

റഷ്യ, അമേരിക്ക, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ചൈന എന്നിവയ്ക്ക് ശേഷം ഒരു വിമാനവാഹിനിക്കപ്പലിൽ വിമാനം ലാൻഡിങ് ശേഷി നേടിയ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. ഈ നേട്ടത്തിലൂടെ, വിമാനവാഹിനിക്കപ്പൽ അധിഷ്ഠിത യുദ്ധപ്രവർത്തനങ്ങൾക്ക് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വിമാനം പ്രയോഗിക്കാനും ഇന്ത്യക്ക് സാധിക്കും. ഇന്ത്യൻ നാവികസേനയ്ക്കായി ഇരട്ട എൻജിൻ ഡെക്ക് അധിഷ്ഠിത യുദ്ധവിമാനത്തെ വികസിപ്പിക്കാനും നിർമിക്കാനും വഴിയൊരുക്കുമെന്നാണ് അറിയുന്നത്.

 83 അധിക തേജസ് വിമാനങ്ങൾക്ക് വ്യോമസേന ആവശ്യപ്പെട്ടിട്ടുമുണ്ട്. നിലവിലെ എയർ വേരിയന്റിന് വ്യോമ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താനും കനത്ത ബോംബുകളുപയോഗിച്ച് പരമ്പരാഗതമായി ആക്രമിക്കാനും കഴിയും.