ഉമ്മ ചപ്പാത്തി വിറ്റ് പഠിപ്പിച്ചു; ഇന്ന് പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ; അഭിമാനം ഹസന്‍

പേര് ഹസന്‍ സഫീൻ. വയസ് 22. ജോലി ഐപിഎസ് ഓഫിസർ. ചരിത്രത്തിലേക്കാണ് ഇൗ യുവാവ് കാക്കി അണിഞ്ഞെത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസറായി ചുമതലയേറ്റിരിക്കുകയാണ്  22 വയസ്സുകാരന്‍ ഹസന്‍ സഫീന്‍. കടുത്ത ദാരിദ്ര്യം മറികടന്ന് കഷ്ടപ്പെട്ടു പഠിച്ചാണ് ഹസന്‍ ഈ നേട്ടം സ്വന്തമാക്കിയത്. ഒരു ഗ്രാമത്തിന്റെ മുഴുവന്‍ പിന്തുണയും പ്രാര്‍ഥനയും ഹസനൊപ്പം ഉണ്ടായിരുന്നു. ഗുജറാത്തിലെ പാലന്‍പൂരിലെ കനോദര്‍ ഗ്രാമത്തിലാണ് ഹസന്റെ ജനനം. 

ഗ്രാമത്തിലെ ചെറുകിട വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു ഹസന്റെ അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും. പഠനത്തില്‍ മിടുക്കനായിരുന്ന ഹസന്റെ ലക്ഷ്യം സിവില്‍ സര്‍വീസ് ആണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാരും സ്‌കൂള്‍ അധികൃതരും സഹായഹസ്തവുമായി മുന്നോട്ടുവന്നിരുന്നു. എന്നാല്‍ ഹസന്റെ കുടുംബം സഹായങ്ങള്‍ സ്‌നേഹപൂര്‍വ്വം നിരസിച്ചു. 

സ്വന്തം അധ്വാനത്തിൽ നിന്നും മകനെ പഠിപ്പിക്കണം എന്ന മോഹമായിരുന്നു ഇൗ മാതാപിതാക്കൾക്ക്. ഇതോടെ ഹസന്റെ അമ്മ ഹോട്ടലുകളില്‍ ചപ്പാത്തി ഉണ്ടാക്കി നല്‍കിതുടങ്ങി.  ഹോട്ടലുകളില്‍ നിന്നെല്ലാം ഓര്‍ഡര്‍ പിടിച്ചു. രാത്രി മുഴുവന്‍ ഉറങ്ങാതെ ഇരുന്ന് ചപ്പാത്തിയുണ്ടാക്കി നസീം ബാനു രാവിലെ ഹോട്ടലുകളില്‍ എത്തിച്ചു. 200 കിലോ മാവ് കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയ ദിവസങ്ങള്‍ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് നസീം ബാനു പറയുന്നു. 

2018 ല്‍ ഹസന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി. ഐഎഎസ് ആയിരുന്നു ഹസന്റെ ലക്ഷ്യം. 570-ാം റാങ്കുകാരനായ ഹസന് ഐപിഎസ് സെലക്ഷന്‍ ലഭിച്ചു. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതി. രണ്ടാമതും ഐപിഎസ് സെലക്ഷന്‍ തന്നെ ലഭിച്ചു. ഇതോടെ തനിക്ക് ചേരുന്ന ജോലി ഐപിഎസ് ആണെന്ന് ഹസന്‍ തീരുമാനിക്കുകയായിരുന്നു.