കടം കയറി ആത്മഹത്യയുടെ വക്കിൽ കർഷകൻ; ഉള്ളി രക്ഷിച്ചു; ലാഭം ഒരുകോടി

രാജ്യത്തെ കരയിച്ച് കൊണ്ട് കയറിപ്പോകുന്ന ഉള്ളിവില കൊണ്ട് ജീവിതം തിരിച്ചുപിടിച്ച സന്തോഷത്തിലാണ് ഇൗ കർഷകൻ. കടം കയറി ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോഴാണ് റോക്കറ്റ് പോലെ ഉള്ളി വില കുതിച്ചത്. ആ സമയത്ത് തന്നെ വിളവെടുപ്പിന് പാടവും ഒരുങ്ങിയതോടെ ജീവിതം തന്നെ മാറി.കര്‍ണാടക ചിത്രദുര്‍ഗയിലെ ഉള്ളി കര്‍ഷകനായ മല്ലികാര്‍ജുനെയാണ് ഉള്ളി വില രക്ഷിച്ചത്.

ഉള്ളി വില കിലോക്ക് 200 രൂപയിലെത്തിയ സമയത്താണ് 240 ടണ്‍ ഉള്ളി ഇയാൾ വിളവെടുത്തത്. 15 ലക്ഷം രൂപ മുടക്കിയ കൃഷിയിൽ 5 ലക്ഷമായിരുന്നു ലാഭം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇപ്പോൾ ഒരു കോടിയിലേറെ രൂപ ലാഭം കിട്ടിയെന്നാണ് കർഷകൻ പറയുന്നത്.10 ഏക്കറാണ് മല്ലികാര്‍ജുനക്ക് സ്വന്തമായുള്ളത്. 10 ഏക്കര്‍ കൂടി പാട്ടത്തിനെടുത്താണ് ഉള്ളികൃഷിയിറക്കിയത്. നവംബര്‍ ആദ്യം ക്വിന്‍റിലിന് 7000 രൂപ നിരക്കിലാണ് ഉള്ളി വിറ്റിരുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ക്വിന്‍റലിന് 12,000 രൂപയായി. പിന്നീട് 2,0000 രൂപവരെ ലഭിച്ചു. കുടുംബാംഗങ്ങളും മല്ലികാര്‍ജുനയും രാപ്പകല്‍ കാവലിരുന്നാണ് വിള മോഷ്ടാക്കളില്‍ നിന്ന് രക്ഷിച്ചത്.