രാത്രിയിൽ ചാര്‍ജിലിട്ട് ഉറങ്ങി; ഫോൺ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

രാത്രി ഉറങ്ങുന്നതിന് മുൻപ് ചാര്‍ജിലിട്ട ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. ഒഡീഷയിലാണ് സംഭവം. നയഗഡ് ജില്ലയിലെ രൺപൂർ ഗ്രാമത്തിലെ കുന പധാൻ ആണ് മരിച്ചത്. 22 വയസ്സാണ് പ്രായം. ഫോൺ ചാർജിലിട്ട് കിടന്നുറങ്ങിയതാണ് അപകടകാരണം. മുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടാണ് കൂടെയുണ്ടായിരുന്നവർ പോയിനോക്കിയത്. മുഖത്ത് കാര്യമായി പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ ഏറെയും ഫോൺ ചാർജിങ്ങിനായി കുത്തിയിട്ടിരിക്കുമ്പോഴാണ് ഉണ്ടായിട്ടുള്ളത്. പിന്നെ, പോക്കറ്റിൽ കിടക്കുമ്പോഴും. എന്തുകൊണ്ട് ഇതു സംഭവിക്കുന്നു എന്നതു മനസ്സിലാക്കി ഉപയോഗശൈലിയിൽ മാറ്റം വരുത്തിയാൽ ഇത്തരത്തിലുള്ള അപകടങ്ങൾ നമുക്കും ഒഴിവാക്കാം.

ഫോൺ റീചാർജ് ചെയ്യുമ്പോൾ ഉപയോഗിക്കാതിരിക്കുക. ചാർജിങ്ങിൽ ഇട്ടുകൊണ്ടു ഫോണിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ അവസാനിപ്പിക്കുക.

രാത്രി മുഴുവൻ ഫോൺ ചാർജിങ്ങിനു കുത്തിയിടാതിരിക്കുക. ഒരു കാരണവശാലും ഫോൺ തലയണയുടെ അടിയിൽ വച്ചുകൊണ്ടു ചാർജിങ്ങിനിടരുത്. ചാർജിങ് മൂലമുള്ള ചൂടിനൊപ്പം തലയണയുടെ കീഴിലെ സമ്മർദ്ദവും ചൂടും കൂടിയാവുമ്പോൾ അപകടസാധ്യതയേറും.

ചാർജിങ്ങിനിടയിൽ ഫോൺ അമിതമായി ചൂടാവുന്നതു ശ്രദ്ധയിൽപ്പെട്ടാൽ ചാർജിങ് അവസാനിപ്പിക്കുക. ഫോൺ തണുത്തതിനു ശേഷം മാത്രം വീണ്ടും ചാർജ് ചെയ്യുക.