ചാട്ടം പിഴച്ചു; കടുവ പാറക്കെട്ടിൽ കുടുങ്ങി; നട്ടെല്ലിന് പരുക്ക്; ഒടുവിൽ ദാരുണം

ഒരു ദിവസം നീണ്ട ഉദ്യോഗസ്ഥരുടെ രക്ഷാപ്രവർത്തന ശ്രമങ്ങൾ ഫലം കണ്ടില്ല. പാറക്കെട്ടുകൾക്കിടയിൽ കുടുങ്ങിയ കടുവ ഒടുവിൽ ചത്തു. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ ചന്ദ്രപുർ ജില്ലയിലാണ് കടുവ പാറക്കെട്ടുകൾക്കിടിയിൽ കുടുങ്ങിയത്.സിർണ പുഴയ്ക്കു സമീപം 35 അടി ഉയരമുള്ള പാലത്തിൽ നിന്നുള്ള ചാട്ടത്തിനിടെ കടുവ പാറക്കെട്ടുകൾക്കിടെ കുടുങ്ങിയത്. ഇരതേടിയതിനു പിന്നാലെ വിശ്രമ ശേഷമുള്ള കടുവയുടെ ചാട്ടമാണ് ‘പിഴച്ചത്’. ബുധനാഴ്ച തന്നെ വനുവകുപ്പ് ഉദ്യോഗസ്ഥർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

കടുവയ്ക്കു സമീപം കൂട് ഇറക്കിവച്ച് അതിൽ കയറ്റി രക്ഷിക്കാനായിരുന്നു ശ്രമം. വെളിച്ചക്കുറവു മൂലം രാത്രി രക്ഷാപ്രവർത്തനം നിർത്തിവച്ചെങ്കിലും നിരീക്ഷണത്തിനു 

ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച രാവിലെ കടുവയുടെ ചലനം ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. നട്ടെല്ലിനു സംഭവിച്ച പരുക്കാണ് മരണകാരണമെന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.