ജീവനല്ലേ വലുത്; ഓഫീസിനുള്ളിലും ഹെൽമെറ്റ് ധരിച്ച് ജീവനക്കാർ; ദുരിതം

ഏതു നിമിഷവും നിലംപതിക്കാവുന്ന കെട്ടിടത്തിനുള്ളിലിരുന്നാണ് ബാണ്ഡയിലെ വൈദ്യുതി വകുപ്പ് ജീവനക്കാർ ജോലി ചെയ്യുന്നത്. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ ചിത്രം കഴിഞ്ഞ ദിവസം പുറത്ത് വിട്ടത്. ഇതിന് പിന്നാലെ വൈദ്യുതി വകുപ്പിന്റെ ഓഫീസ് അന്വേഷിച്ചെത്തിയ മാധ്യമപ്രവർത്തകർ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ കണ്ട് ഞെട്ടി.

ജോലി ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ഭാഗങ്ങൾ അടർന്ന് വീഴുന്നത്  പതിവാണെന്നും മഴക്കാലത്ത് കുട ചൂടി ഓഫീസിൽ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും ജീവനക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ജോലി മുടക്കാൻ പറ്റാത്തതിനാൽ ജീവൻ രക്ഷിക്കാൻ കണ്ടു പിടിച്ച മാർഗമാണ് ഹെൽമെറ്റ് എന്നും അവർ പറയുന്നു. 

ഓഫീസിലെ ഫർണിച്ചറുകളും കാലപ്പഴക്കം കൊണ്ട് നശിച്ച നിലയിലാണ്. ഫയലുകൾ സൂക്ഷിക്കാനും ഇവിടെ നല്ല അലമാരയോ അടച്ചുറപ്പുള്ള െഷൽഫോ ഇല്ല. പുതിയ കെട്ടിടം വൈദ്യുതി ബോർഡിന് അനുവദിക്കാന്‍ അധികൃതർ ഇനിയെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാർ.