വീട്ടിലേക്ക് പോകാൻ വേണ്ട പണമില്ല; കളഞ്ഞുകിട്ടിയ 40,000 തിരികെ നൽകി; മാതൃക

പണത്തിന് വേണ്ടി കൊള്ളയും കൊലയും നിത്യേന നടക്കുന്ന രാജ്യമാണ് ഇത്. ഇവിടെയിതാ മാതൃകയാകുകയാണ് 54–കാരനായ മഹാരാഷ്ട്രക്കാരൻ. 

മഹാരാഷ്ട്ര സത്താറ സ്വദേശിയായ ധനജി ജഗ്ദലയാണ് നന്മയുടെ പര്യായമാകുന്നത്. വഴിയില്‍ നിന്ന് കിട്ടിയ 40,000 രൂപ തിരിച്ചുകൊടുത്താണ് ഇദ്ദേഹം സത്യസന്ധ്യതയ്ക്ക് വേറിട്ട മാതൃകയായത്. ജീവിതം കൂട്ടിമുട്ടിക്കാന്‍ പല പണികള്‍ ചെയ്ത് ജീവിക്കുകയാണ് ഈ 54കാരന്‍.

ദീപാവലി ദിനത്തില്‍ ബസ് സ്റ്റോപ്പില്‍ നിന്ന് കളഞ്ഞുകിട്ടിയ 40,000 രൂപയാണ് ഇദ്ദേഹം യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരിച്ചു നല്‍കിയത്. പണം തിരിച്ചുകിട്ടിയതിലുളള സന്തോഷസൂചകമായി ഉടമ ആയിരം രൂപ നീട്ടി. എന്നാല്‍ ബസിന് പോകാന്‍ ഏഴുരൂപ മാത്രം ആവശ്യപ്പെട്ടും ഇദ്ദേഹം ലാളിത്യത്തിന്റെ പര്യായമായി. ആസമയത്ത് ഇദ്ദേഹത്തിന്റെ പോക്കറ്റില്‍ മൂന്ന് രൂപ മാത്രമാണ് ഉണ്ടായിരുന്നത്.

ദീപാവലി ദിനത്തില്‍ പണികഴിഞ്ഞ് തിരിച്ചു ബസ് സ്റ്റോപ്പിലേക്ക് പോകുമ്പോഴാണ് ഒരു കെട്ട് നോട്ടുകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്ന് ധനജി പറയുന്നു. തുടര്‍ന്ന് ചുറ്റുമുളളവരോട് യഥാര്‍ത്ഥ ഉടമകളെ കുറിച്ച് അന്വേഷിച്ചു. അന്വേഷണത്തിന് ഒടുവില്‍ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ഭാര്യയുടെ ശസ്ത്രക്രിയയ്ക്കായി സമാഹരിച്ച തുകയാണ് കളഞ്ഞുപോയത്. തുക കിട്ടിയതിലുളള സന്തോഷസൂചകമായാണ് ഉടമ ആയിരം രൂപ നീട്ടിയത്. എന്നാല്‍ അതില്‍ നിന്ന് ഏഴു രൂപ മാത്രമാണ് ധനജി എടുത്തത്. നാട്ടിലേക്ക് പോകാന്‍ 10 രൂപയാണ് വേണ്ടിയിരുന്നത്. പോക്കറ്റില്‍ മൂന്ന് രൂപ മാത്രമാണ്  ഉണ്ടായിരുന്നത്. ധനജിയെ സത്താറയിലെ ബിജെപി എംഎല്‍എയും മറ്റു രാഷ്ട്രീയ പ്രവര്‍ത്തകരും അനുമോദിച്ചു. ധനജിയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് അഞ്ചുലക്ഷം രൂപ ഒരാള്‍ വാഗ്ദാനം ചെയ്തുവെങ്കിലും അതും നിരസിച്ചു ഈ 54കാരന്‍.