പീഡനക്കേസ് പ്രതിയുടെ പിന്തുണ തേടി ബിജെപി; സർക്കാർ രൂപീകരണം വിവാദത്തിൽ

ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബലാല്‍സംഗക്കേസിലെ പ്രതി എച്ച്.എല്‍.പി നേതാവ് ഗോപാല്‍ ഖണ്ഡയുടെ പിന്തുണ തേടിയ ബി.ജെ.പി നടപടി വിവാദത്തില്‍. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബി.ജെ.പി മുതിര്‍ന്ന നേതാവ് ഉമാഭാരതി ആവശ്യപ്പെട്ടു. ഖണ്ഡയുടെ പിന്തുണ തേടിയതിലൂടെ സ്ത്രീസുരക്ഷയില്‍ ബി.ജെ.പിയുടെ നിലപാടാണ് വ്യക്തമാകുന്നതെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് കുറ്റപ്പെടുത്തി.

അഞ്ചുവര്‍ഷം മുന്‍പ് 2014ല്‍, ഹരിയാന നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന പ്രചാരണവിഷയമായിരുന്നു സ്ത്രീസുരക്ഷ. ഇതിന് മുഖ്യകാരണം ഹൂഡമന്ത്രിസഭയില്‍ അംഗമായിരുന്ന കോപാല്‍ഖണ്ഡയ്‍ക്കെതിരെ ഉയര്‍ന്ന എയര്‍ഹോസ്റ്റ് ഗീതിക ശര്‍മയുടെ ആത്മഹത്യാക്കുറിപ്പിലെ പീഡന ആരോപണമായിരുന്നു. ഖണ്ഡയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന എം.ഡി.എല്‍.ആര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്ററായിരുന്ന ഗീതിക 2012 ആഗസ്റ്റിലാണ് ജീവനൊടുക്കിയത്. പിന്നാലെ 2013 ഫെബ്രുവരിയില്‍ ഗീതികയുടെ അമ്മ അനുരാധയും ഗോപാല്‍ഖണ്ഡയ്‍ക്കെതിരെ കുറിപ്പെഴുതിവച്ച് ജീവനൊടുക്കി. അഞ്ചുവര്‍ഷത്തിനിപ്പുറം ഹരിയാനയില്‍ മാജിക്ക് നമ്പര്‍ തികയ്‍ക്കാന്‍ അതേ ഗോപാല്‍ഖണ്ഡയുടെ പിന്തുണയാണ് ബി.ജെ.പി തേടിയത്. ഇതോടെ സ്ത്രീസുരക്ഷാ വിഷയത്തിെല ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് പുറത്തുവന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ വിഷയം വിവാദമായതോടെ ഖണ്ഡയുടെ പിന്തുണ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി മുന്‍കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഉമാഭാരതി രംഗത്തുവന്നു. ഖണ്ഡയ്‍ക്കെതിരായ ആരോപണങ്ങള്‍ അക്കമിട്ട ഉമാഭാരതി മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് ട്വിറ്ററില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷായ്‍ക്ക് കത്തയച്ച മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സുഷ്മിത ദേവ് ഇതാണോ കേന്ദ്രസര്‍ക്കാരിന്റെ ബേട്ടിബച്ചാവോ ബേട്ടി പഠാവോ എന്ന് ചോദിച്ചു. ഗീതിക കേസില്‍ ഒന്നരവര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഖണ്ഡ 2014ലാണ് ഹരിയാന ലോക്ഹിത് എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കിയത്. ഇത്തവണ സിര്‍സയില്‍ നിന്നാണ് ഖണ്ഡ വിജയിച്ചത്.