ലോകത്തിലെ ഏറ്റവും വലിയ ജംഗിള്‍ സഫാരി പാര്‍ക്ക് ഇന്ത്യയില്‍; വൻപ്രതീക്ഷ

Representative Image. worldclassphoto/shutterstock

രാജ്യത്തിനാകെ അഭിമാനമായി ഡൽഹി എൻസിആറിന് സമീപമുള്ള ആരവല്ലി പര്‍വതപ്രദേശത്ത് ലോകത്തിലെ ഏറ്റവും വലിയ സഫാരി പാർക്ക് ഒരുങ്ങുകയാണ്. ഹരിയാനയിലെ ഗുരുഗ്രാം, നുഹ് ജില്ലകളിലെ ആരവല്ലി മലനിരകളിൽ 6,000 ഏക്കർ വിസ്തൃതിയിലാണ് പുതിയ സഫാരി പാർക്ക് വികസിപ്പിക്കുന്നത്.

കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയവും ഹരിയാന സർക്കാരും സംയുക്തമായാണ് പദ്ധതി വികസിപ്പിക്കുന്നത്. പദ്ധതി നടത്തിപ്പിനായി ഒരു ഫൗണ്ടേഷൻ രൂപീകരിക്കും. പദ്ധതിക്കായി കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് നൽകും. മേഖലാ വികസനത്തിനായി രണ്ട് രാജ്യാന്തര കമ്പനികളെ സർക്കാർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജംഗിൾ സഫാരി പദ്ധതി വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല പ്രദേശവാസികൾക്ക് തൊഴിലവസരങ്ങൾ നൽകുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു. കൂടാതെ, ചുറ്റുമുള്ള ഗ്രാമങ്ങളിലെ ഗ്രാമീണർക്ക് ഹോം സ്റ്റേ പോളിസിയുടെ പ്രയോജനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിലവിൽ ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ക്യൂറേറ്റഡ് പാർക്ക് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഷാർജയിലാണ് സ്ഥിതി ചെയ്യുന്നത്. ഷാർജയിലെ പാർക്ക് 2020 ഫെബ്രുവരിയിലാണ് തുറന്നത്. 800 ഹെക്ടർ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ 120 ഓളം വന്യജീവികളാണ് ഉള്ളത്.