ജാതി സമവാക്യങ്ങൾ വിധി നിർണയിക്കുന്ന ഹരിയാന; ജാട്ട് വോട്ടുകൾ നിർണായകം

ജാതി സമവാക്യങ്ങളാണ് ഹരിയാന തിരഞ്ഞെടുപ്പിലെ വിധി നിർണയിക്കുക. ജാട്ട് വോട്ടുകളിൽ കോൺഗ്രസും  ജാട്ട് ഇതര വോട്ടുകളിൽ ബിജെപിയും പ്രതീക്ഷ വയ്ക്കുന്നു. ജാട്ട് വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ ബിജെപിക്കു കഴിഞ്ഞിട്ടുണ്ടന്നു ജാട്ട് പ്രക്ഷോഭ നേതാവ് കെ.എൽ.ഹൂഡ മനോരമ ന്യൂസിനോട്  പറഞ്ഞു.  

സംവരണ വിഷയത്തിൽ തെരുവുകളെ കലാപ ഭൂമിയാക്കിയായിരുന്നു ജാട്ട് വിഭാഗം ഹരിയാന  സർക്കാരിനെ വിറപ്പിച്ചത്. ഒടുവിൽ ജാട്ടുകളുടെ സംവരണ ആവശ്യം മനോഹർ ലാൽ ഖട്ടർ  സർക്കാരിന് അംഗീകരിക്കേണ്ടി വന്നു. നിലവിൽ കോടതിയുടെ പരിഗണനയിലാണ് ഈ വിഷയമുള്ളത്. പ്രക്ഷോഭത്തിന്‌ ശേഷം നേതാക്കൾ പലരും ജയിലിലായി. ചിലർ ഒളിവിൽ പോയി.

ധ്രുവീകരണ രാഷ്ട്രീയമാണ് ബിജെപി ഹരിയാനയിൽ പയറ്റുന്നത്. എങ്കിലും ഈ തിരഞ്ഞെടുപ്പിൽ കൂടുതൽ ജാട്ട് വോട്ടുകൾ കോൺഗ്രസിന് പോയേക്കാമെന്നും ഹൂഡ പറഞ്ഞു. 

ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകളും ബിജെപിയെ പിന്തുണച്ചുവെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. ഇതിനെ  മറികടക്കുക എന്ന വലിയ വെല്ലുവിളിയും കോൺഗ്രസിന് മുന്നിലുണ്ട്