‘ആ രാത്രി ഞാൻ ഉറങ്ങിയില്ല, ഫോൺ കോളിനായി കാത്തിരുന്നു’; ഓർത്തെടുത്ത് മോദി

മൂന്നുവർഷം മുൻപ് രാജ്യം അഭിമാനിച്ച ദിവസങ്ങളെ ഒാർത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറി ഭീകരാക്രമണത്തിന് ഇന്ത്യൻ സൈന്യം ഭീകര ക്യാംപുകൾക്കെതിരെ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിട്ട് മൂന്നുവർഷം പിന്നിടുകയാണ്. ആ മണിക്കൂറുകൾ മോദി ഒാർത്തെടുക്കുന്നതിങ്ങനെ. ‘മൂന്ന് വർഷം മുൻപ് ഇതുപോലൊരു സെപ്റ്റംബർ 28 ന് രാത്രി മുഴുവൻ ഉറങ്ങാതെ ഉണർന്നിരുന്നു. ഏതു നിമിഷവും ഫോൺ റിങ് ചെയ്യുന്നതിനായി കാത്തിരിക്കുകയായിരുന്നു ഞാൻ’ അദ്ദേഹം പറഞ്ഞു

കരസേനയുടെ 12 ബ്രിഗേഡ് ആസ്ഥാനത്ത് നാല് ഭീകരർ ഗ്രനേഡ് പ്രയോഗിച്ച് 18 സൈനികർ കൊല്ലപ്പെട്ട ഉറി ഭീകരാക്രമണത്തിന് 10 ദിവസത്തിന് ശേഷമാണ് സർജിക്കൽ ആക്രമണം നടത്തിയത്. ശനിയാഴ്ച രാത്രി യുഎസ് പര്യടനത്തിൽ നിന്ന് മടങ്ങിയതിന് ശേഷം ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മോദി. സർജിക്കൽ സ്‌ട്രൈക്ക് നടത്തി രാജ്യത്തിന് അഭിമാനമുണ്ടാക്കിയ ഇന്ത്യയുടെ ധീര സൈനികരുടെ വിജയത്തെ അന്ന് അടയാളപ്പെടുത്തി എന്നും മോദി പറഞ്ഞു.