പാകിസ്താനെതിരെ ഇന്ത്യയുടെ രണ്ടാം മിന്നലാക്രമണം; സൂചന നൽകി രാജ്നാഥ് സിങ്

പാക് സൈന്യത്തിനും ഭീകരര്‍ക്കുമെതിരെ അതിര്‍ത്തികടന്ന് ഇന്ത്യ വീണ്ടും മിന്നലാക്രമണം നടത്തിയതിന്‍റെ സൂചനകള്‍ നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ബിഎസ്എഫ് ജവാനെ പാക് സൈന്യം വധിച്ചതിന്‍റെ പ്രതികാരമായി വന്‍തിരിച്ചടി നല്‍കിയെന്നാണ് രാജ്നാഥ് സിങ് പറയുന്നത്. 2016ലെ മിന്നാക്രമണത്തിന്‍റെ വാര്‍ഷികം പരാക്രം പര്‍വ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് ആഘോഷിക്കുകയാണ്. 

ചിലത് നടന്നു കഴിഞ്ഞു. എനിക്ക് അത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ. രണ്ട് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാര്യങ്ങള്‍ തന്നെയാണ് നടന്നത്. വരും ദിവസങ്ങളില്‍ എന്ത് നടക്കുമെന്നും നിങ്ങള്‍ അറിയും. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ വെള്ളിയാഴ്ച്ച ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്ത് രാജ്നാഥ് സിങ് നടത്തിയ ഈ പ്രസംഗമാണ് വീണ്ടും മിന്നാലാക്രമണം നടന്നോയെന്ന ചര്‍ച്ചകള്‍ക്ക് കാരണം. 

രാജ്യാന്തര അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ ക്രൂരമായി കൊലപ്പെടുത്തിയ ബിഎസ്ഫ് ജവാന്‍ നരേന്ദ്ര സിങ്ങിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് രാജ്നാഥ് സിങ്ങ് ഇക്കാര്യം പറഞ്ഞത്. പാക്കിസ്ഥാന് നല്‍കിയ തിരിച്ചടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് രാജ്നാഥ് വ്യക്തമാക്കി. എല്ലാ വിവരങ്ങളും ഭാവിയില്‍ പുറത്തുവിടും. ആദ്യം വെടിവെയ്ക്കരുതെന്ന് സുരക്ഷാസേനയോട് നിര്‍ദേശിച്ചിട്ടുണ്ട്. 

അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ മറുപടി നല്‍കുമ്പോള്‍ വെടിയുണ്ടകളുടെ എണ്ണം നോക്കരുെതന്ന് നിര്‍ദേശിച്ചതായും രാജ്നാഥ് സിങ് പറഞ്ഞു. 2016 സെപ്റ്റംബറില്‍ നടന്ന മിന്നലാക്രമണത്തിന്‍റെ വാര്‍ഷികാഘോഷം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. 

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മിന്നലാക്രമണത്തിന്‍റെ വാര്‍ഷികം ആഘോഷിക്കുന്നത് രാഷ്ട്രീയലക്ഷ്യങ്ങള്‍വച്ചാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. ഇന്ത്യ നടത്തിയ ആദ്യ മിന്നലാക്രമണമല്ല 2016ലേതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.