സംരക്ഷിക്കേണ്ടവർ കശ്മീരിനെ മാനം കെടുത്തി; കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് തരിഗാമി

കേന്ദ്ര സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വീട്ടുതടങ്കലിൽ നിന്ന് മോചിതനായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യുസഫ് തരിഗാമി. സംരക്ഷിക്കേണ്ടവർ തന്നെ കാശ്മീരിനെ മാനം കെടുത്തി. ഇന്ത്യക്കാരായ കാശ്മീരികൾക്കും അവകാശങ്ങളുണ്ടെന്നും തരിഗാമി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കശ്മീരിന്റെ പ്രേത്യേക പദവി റദ്ദാക്കിയ തീരുമാനത്തിനെതിരെ തരിഗാമിയുടെ പേരിൽ സുപ്രീം കോടതിയിൽ റിട്ട് ഹർജി നൽകുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

കാശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം വീട്ടു തടങ്കലിൽ ആയിരുന്ന മുഹമ്മദ്‌ യൂസഫ് തരിഗാമിയെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ നിയമപോരാട്ടമാണ് മോചിതനാക്കിയത്. തുടർന്ന് ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയ തരിഗാമി കശ്മീരിൽ കേന്ദ്രസർക്കാർ നടത്തുന്ന നീക്കങ്ങളെ അതിരൂക്ഷമായി വിമർശിച്ചു. 

കശ്മീരിലെ മനുഷ്യാവകാശം ചവിട്ടി അരയ്ക്കപ്പെട്ടു. കശ്മീരിലെ ജനങ്ങളെ രാജ്യം കേൾക്കണമെന്നും തരിഗാമി പറഞ്ഞു. സർക്കാർ പറയുന്നതിന് വിരുദ്ധമായ കാര്യങ്ങളാണ് കശ്മീരിൽ നടക്കുന്നതെന്ന് സീതാറാം യെച്ചൂരിയും പറഞ്ഞു.