മോദിയുടെ ജന്മദിനം; 1.25 കിലോയുടെ സ്വര്‍ണക്കിരീടം ഹനുമാന് സമര്‍പ്പിച്ച് ഭക്തന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാം ജന്മദിനത്തില്‍ ഹനുമാന് 1.25 കിലോയുടെ സ്വര്‍ണകിരീടം സമര്‍പ്പിച്ച് വാരണാസി സ്വദേശിയായ ഭക്തന്‍. കഴിഞ്ഞ ദിവസം രണാസി സങ്കത് മോചന്‍ ക്ഷേത്രത്തിലാണ് അരവിന്ദ് സിംഗ് എന്നയാള്‍ കിരീടം സമര്‍പ്പിച്ചത്. 

ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നിന്ന് വിജയിച്ച് രണ്ടാം തവണയും മോദി അധികാരത്തിലെത്തിയാല്‍ ഹനുമാന് സ്വര്‍ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേര്‍ന്നിരുന്നെന്ന് അരവിന്ദ് സിങ് പറഞ്ഞു. ഇതിന് പിന്നാലെയാണ് അരവിന്ദ് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചത്.

കഴിഞ്ഞ 75 വര്‍ഷത്തോളം സാധിക്കാതിരുന്ന രാജ്യത്തിന്‍റെ വളര്‍ച്ച സാധ്യമാക്കിയത് മോദിയാണ്. അതിനാല്‍ അദ്ദേഹത്തിന്‍റെ ജന്മദിനത്തോട് അനുബന്ധിച്ച് സ്വര്‍ണ കിരീടം സമര്‍പ്പിക്കുകയാണ്. മോദിയും ഇന്ത്യയുടെ ഭാവിയും സ്വര്‍ണം പോലെ തിളങ്ങുമെന്നും കാശിയിലെ ജനങ്ങളുടെ ആദരവാണ് ഈ സ്വര്‍ണ കിരീടമെന്നും അരവിന്ദ് കൂട്ടിച്ചേര്‍ത്തു.  തന്‍റെ 69-ാം ജന്മദിനമാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും.

അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന്  സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും  സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ  നിർമാണ പുരോഗതി വിലയിരുത്തും.'നമാമി നർമദാ മഹോത്സവം' ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.