കർണാടക ഉപതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കും: കോൺഗ്രസ്

കർണാടകയിൽ 17 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ സഖ്യമില്ലാതെ മത്സരിക്കുമെന്ന് കോൺഗ്രസ്.  സഖ്യമായി മത്സരിക്കാൻ ദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പുച്ചതിന് പിന്നാലെയാണ് കോൺഗസ് നിലപട് വ്യക്തമാക്കിയത്.  സഖ്യം സംബന്ധിച്ച് അന്തിമതീരുമാനം സോണിയ ഗാന്ധിയുടേതായിരിക്കുമെന്നും പി സി സി അധ്യക്ഷൻ ദിനേശ് ഗുണ്ട്റാവു വ്യക്തമാക്കി.  

കോൺഗ്രസ് ദൾ സഖ്യത്തിന്റെ ഭാവി എന്താകുമെന്ന ചർച്ചകൾ തുടരുന്നതിനിടയിലാണ് കോൺഗ്രസിന്റെ പ്രഖ്യാപനം.  ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 17 മണ്ഡലങ്ങളിൽ 13 എണ്ണം സിറ്റിംഗ് സീറ്റുകളാണെന്നതാണ് കോൺഗ്രസിനെ തനിയെ മത്സരിക്കാൻ പ്രേരിപ്പിക്കുന്നത്. 17 മണ്ഡലങ്ങളിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും കഴിഞ്ഞമാസം മുതലേ ആരംഭിച്ചിരുന്നു.  ദളുമായുള്ള സഖ്യം ക്ഷീണമുണ്ടാക്കുമെന്നാണ് പാർട്ടിക്കുള്ളിലെ പൊതുവികാരം.  മൂന്നു മണ്ഡലങ്ങൾ മാത്രമാണ് ദളിന്റെ സിറ്റിങ് സീറ്റ്. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ സഖ്യം വേണമെന്നാണ് ജെഡിഎസ് പക്ഷം. സഖ്യമായി മത്സരിക്കാൻ ദൾ ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം കുടുംബാധിപത്യത്തെചൊല്ലി ജെ ഡി എസിനുള്ളിൽ കല്ലുകടികൾ തുടങ്ങിയിട്ടുണ്ട്.  എന്നാൽ നിലവിലെ സാഹചര്യം മുതലെടുത്ത് മണ്ഡലങ്ങൾ തിരികെപ്പിടിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപിയും.  ഉപതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് അയോഗ്യരാക്കപ്പെട്ട എം എൽ എമാരുടെ മണ്ഡലങ്ങൾക്ക് സർക്കാർ കൂടുതൽ ഗ്രാന്റ് അനുവദിച്ചു തുടങ്ങി