സ്കൂളിനു വേണ്ടി മോദിയുടെ അന്നത്തെ നാടകം; ഡയലോഗ് പറയാൻ മറന്ന മോദി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭൂതകാലത്തെക്കുറിച്ച്‌ പല കഥകളും പുറത്തുവന്നിട്ടുണ്ട്. എന്നാൽ അധികമാർക്കും അറിയാത്ത കാര്യമാണ് സ്കൂൾ കാലഘട്ടത്തില്‍ അദ്ദേഹമൊരു നാടകനടനായിരുന്നു എന്നത്. എം വി കമ്മത്ത്, കാളിന്ദി രമന്ദേരി എന്നിവർ ചേർന്ന് മോദിയെക്കുറിച്ചെഴുതിയ ജീവചരിത്രത്തിൽ അദ്ദേഹത്തിന്റെ അഭിനയത്തോടുള്ള ഇഷ്ടത്തെക്കുറിച്ച് പറയുന്നുണ്ട്. യുവാക്കൾക്കു വേണ്ടിയുള്ള 'എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തിലെ ഒരു അധ്യായത്തിൽ മോദിയും അതെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. 

13-ാം വയസിൽ, പഠിച്ചുകൊണ്ടിരുന്ന സ്കൂളിനു വേണ്ടിയുള്ള ധനസമാഹരാണാർഥം സ്വന്തമായി നാടകം എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച മോദിയെക്കുറിച്ചാണ് ജീവചരിത്രത്തിൽ പറയുന്നത്. സ്കൂളിന്റെ മതിൽ തകർന്ന് പുതുക്കിപ്പണിയാൻ പണം ഇല്ലാതിരുന്ന അവസരത്തിലായിരുന്നു ഇത്. അതൊരു ഏകാംഗനാടകമായിരുന്നു. തൊട്ടുകൂടായ്മ ആയിരുന്നു നാടകത്തിന്റെ പ്രമേയം. 

സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ നാടകത്തിൽ അഭിനയിച്ച കഥയാണ് മോദി എക്സാം വാരിയേഴ്സ്' എന്ന പുസ്തകത്തിൽ പറയുന്നത്: ''ഒരു ഡയലോഗ് പറയാൻ ഞാൻ വല്ലാതെ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു. നാടകത്തിന്റെ സംവിധായകൻ അക്ഷമനായി. ഡയലോഗ് ശരിയായി പറഞ്ഞില്ലെങ്കിൽ എന്നെവെച്ച് ഈ നാടകം ചെയ്യാൻ സാധിക്കില്ലെന്ന് പറ‍ഞ്ഞു. പക്ഷേ തെറ്റെന്താണെന്ന് എനിക്കു മനസിലായില്ല. അടുത്ത ദിവസം അദ്ദേഹത്തോട് ഞാൻ ചെയ്യുന്നതുപോലെ അഭിനയിച്ചുകാണിക്കാൻ പറ‍ഞ്ഞു. അപ്പോൾ എന്താണ് തെറ്റെന്നു മനസിലാക്കാനും അത് പരിഹരിക്കാനും എനിക്ക് സാധിച്ചു''.