ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന്‍റെ ആധിപത്യം

ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇടതുസഖ്യത്തിന്‍റെ ആധിപത്യം. വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വലിയ ഭൂരിപക്ഷത്തില്‍ ഇടത് സഖ്യം മുന്നിട്ടുനില്‍ക്കുകയാണ്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാല്‍ ഒൗദ്യോഗിക ഫലപ്രഖ്യാപനം വൈകും. 

ഇത്തവണയും ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മാറിച്ചിന്തിച്ചില്ല. കേന്ദ്ര പാനലുകളിലെ മുഴുവന്‍ സീറ്റുകളും ഇടത് സഖ്യം തൂത്തുവാരുമെന്ന് ഉറപ്പായി. സഖ്യത്തിലെ എസ്.എഫ്.ഐ നേതാവ് ഐഷി ഘോഷാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മല്‍സരിച്ചത്. രാജ്യത്തെ സമ്പദ്‍വ്യവസ്ഥ തകര്‍ത്ത കേന്ദ്രസര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് ഐഷി പറഞ്ഞു.

1185 വോട്ടുകളുടെ ലീഡാണ് ഐഷിക്കുള്ളത്. ജനറല്‍ സെക്രട്ടറിയായി ഐസയുടെ സതീഷ് ചന്ദ്രയാദവ്, വൈസ്പ്രസിഡന്‍റ് ഡി.എസ്.എഫിലെ സാകേത് മൂണ്‍, ജോയിന്‍റ് സെക്രട്ടറി എ.ഐ.എസ്.എഫിലെ മുഹമ്മദ് ഡാനിഷ് എന്നിവരും മുന്നിട്ട് നില്‍ക്കുകയാണ്.