മുങ്ങിത്താഴുന്നതിനിടെ രക്ഷിച്ചു; തൊട്ടുപിന്നാലെ വെള്ളമടിച്ച് ഡ്രൈവിങ്; അമ്പരന്ന് പൊലീസ്

കടലിൽ‌ മുങ്ങിത്താഴുന്നതിനിടെ രക്ഷപ്പെടുത്തിയ അതേ ആളെ പൊലീസ് ഒരു മണിക്കൂറിനകം   മദ്യപിച്ച് അമിതവേഗതയിൽ വാഹനമോടിച്ചതിന് പിടികൂടി. മുംബൈ വെർസോവ ബീച്ചിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ഹരിയാന സ്വദേശിയും ബിസിനസുകാരനുമായ റിച്ചു ചോപ്ഡ(38)യെയാണ് പൊലീസ് പിടികൂടിയത്. 

കടലിൽ ഒരാൾ മുങ്ങിത്താഴുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഉടൻ സംഭവസ്ഥലത്തേക്ക് പാഞ്ഞ നിലേഷ് ജാദവ് എന്ന പൊലീസ് കോൺസ്റ്റബിളാണ് നാട്ടുകാരുടെ സഹായത്തോടെ ചോപ്ഡയെ രക്ഷപ്പെടുത്തിയത്. 

മുംബൈയിൽ ആദ്യമായാണ് വരുന്നതെന്നും സുഹൃത്തിനൊപ്പം കടലിൽ എത്തിയതാണെന്നും ചോപ്ഡ പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് നീന്താൻ അറിയില്ലായിരുന്നു. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം പൊലീസ് ചോപ്ഡയെയും സുഹൃത്തിനെയും വിട്ടയച്ചു. 

ഈ അപകടത്തിന് പിന്നാലെ ഇരുവരും കാറിൽ കയറിയിരുന്ന് മദ്യപിച്ചു. പിന്നീട് നഗരത്തിലൂടെ അമിത വേഗതയിൽ പാഞ്ഞു. പട്രോളിങ്ങിലായിരുന്ന നിലേഷ് ജാദവിനെത്തേടി വീണ്ടും മറ്റൊരു ഫോൺകോൾ. നഗരത്തിലൂടെ അമിതവേഗതയില്‍ ഒരു കാർ കുതിച്ചുപായുന്നു. ഉടൻ ബൈക്കിലെത്തിയ പൊലീസ് കാർ തടഞ്ഞു. കാറിൽ നിന്നിറങ്ങിയവരെ കണ്ട് പൊലീസ് തന്നെ അമ്പരന്നു. അൽപ്പം മുൻപ് രക്ഷപ്പെടുത്തിയയാൾ അടിച്ചുഫിറ്റായി ഡ്രൈവിങ് സീറ്റിലിരിക്കുന്നു. 

വാഹനം പരിശോധിച്ച പൊലീസ് സംഘം മദ്യക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മദ്യപിച്ച് വണ്ടിയോടിക്കല്‍, മഹാരാഷ്ട്ര പ്രൊഹിബിഷന്‍ ആക്ടനുസരിച്ചുള്ള കുറ്റങ്ങള്‍ തുടങ്ങിയവ ചുമത്തി  അറസ്റ്റ് രേഖപ്പെടുത്തിയ ഇരുവരെയും കോടതി റിമാന്‍ഡും ചെയ്‍തു.