കർണാടകയിൽ മുഖ്യമന്ത്രി കാൺകെ ‘മുഖ്യമന്ത്രി’യായി സത്യപ്രതിജ്ഞ ചെയ്തു മന്ത്രി; ചിരി, അമ്പരപ്പ്

കർണാടകത്തിൽ സഖ്യസർക്കാരിനെ താഴെയിറക്കി അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ തുടക്കം തന്നെ മാധ്യമങ്ങളിൽ ഇടം നേടുകയാണ്. ഇക്കൂട്ടത്തിൽ മന്ത്രിസഭാ വികസനത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങ് വലിയ ചർച്ചയാവുകയാണ്.  മുഖ്യമന്ത്രി കാൺകെ 'മുഖ്യമന്ത്രി'യായി സത്യപ്രതിജ്ഞ ചെയ്ത് പുതിയ അംഗം എല്ലാവരെയും ഞെട്ടിച്ചു. ബിജെപി അംഗം മധു സ്വാമിയാണ് 'മുഖ്യമന്ത്രി'യായി സത്യപ്രതിജ്ഞ ചെയ്തത്. ‘മന്ത്രി’ എന്നതിനു നാക്കുപിഴയിൽ ‘മുഖ്യമന്ത്രി’ എന്നു പറഞ്ഞാണ് മധുസ്വാമി സത്യപ്രതിജ്ഞ ചെയ്തത്.

ഗവർണർ വാജുഭായ് വാലയ്ക്കു മുൻപാകെയായിരുന്നു സത്യപ്രതിജ്ഞ. ഉടൻ തന്നെ നാക്കുപിഴ മനസിലാക്കിയ അദ്ദേഹം ചിരിച്ചുകൊണ്ട് മന്ത്രിയെന്നു തിരുത്തി. സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയ്ക്കരികിൽ എത്തിയ മധു സ്വാമിയെ അദ്ദേഹം ചിരിയോടെ ആലിംഗനം ചെയ്തു. ചിക്കനായകനഹള്ളി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് മധു സ്വാമി.