ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്; ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളില്‍ ഇളവ്. ജമ്മു മേഖലയിലെ അഞ്ച് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു. പതിനേഴ് എക്സ്ചേഞ്ചുകള്‍ക്ക് കീഴിലുള്ള ടെലഫോണ്‍ നിയന്ത്രണങ്ങളും നീക്കി. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു.

ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി നീക്കുമെന്ന് ചീഫ് സെക്രട്ടറി ബി.വി.ആര്‍ സുബ്രഹ്മണ്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇളവ്. ജമ്മു, കഠ്‍വ,സാംപ, ഉധംപൂര്‍, റീസി ജില്ലകളിലെ ടു.ജി ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. 17 എക്സ്ചേഞ്ചുകള്‍ക്ക് കീഴിലുള്ള ടെലഫോണ്‍ ബന്ധങ്ങളും പുന:സ്ഥാപിച്ചതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. പൊതുഗതാഗത സംവിധാനങ്ങള്‍ ഉടന്‍ സാധാരണ നിലയിലാകും.

മുതിര്‍ന്ന നേതാക്കളും കുടുംബാംഗങ്ങളും ഇപ്പോഴും വീട്ടുതടങ്കലിലാണ്. സുരക്ഷാ കാര്യങ്ങള്‍ വിലയിരുത്തി നേതാക്കളുടെ വീട്ടുതടങ്കല്‍ നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ചീഫ് സെക്രട്ടറി ഇന്നലെ വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആഭ്യന്തരമന്ത്രി അമിത്ഷായും ധനമന്ത്രി നിര്‍മല സീതാരാമനും യോഗത്തില്‍ പങ്കെടുത്തു. നൗഷേര സെക്ടറില്‍ പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ലാന്‍സ് നായിക് സന്ദീപ് താപ വീരമൃത്യു വരിച്ചു.