കഴുത്തൊപ്പം വെള്ളം; ജീവനൊപ്പം കരുതി ഒരു പായ നെല്ല്; അസം പ്രളയത്തിന്റെ നേർചിത്രം


കഴിഞ്ഞ വർഷം കേരളം നേരിട്ട ദുരന്തത്തിലൂടെയാണ് ഇപ്പോൾ അസം കടന്നുപോകുന്നത്. ഉത്തരേന്ത്യയിലാകെ മഴ കനത്ത നാശമാണ് വിതയ്ക്കുന്നത്. പ്രളയത്തിന്റെ ദുരിതക്കാഴ്ചകളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടുന്ന ചിത്രം ഇൗ യുവാവിന്റേതാണ്. കഴുത്തൊപ്പം െവള്ളത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുമ്പോൾ അയാൾ ഒപ്പം കരുതുന്നത് ഒരു പായയിൽ വിരിച്ചിട്ടിരിക്കുന്ന നെല്ലാണ്. വാഴത്തടി കൊണ്ട് നിർമിച്ച ചങ്ങാടത്തിൽ വിരിച്ച പായയിൽ നെല്ല് കൂട്ടിയിട്ടാണ് യുവാവ് കര തേടുന്നത്. അസം പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യം എന്ന തരത്തിൽ ചിത്രം വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഇൗ ചിത്രം പഴയതാണെന്ന വാദവും സോഷ്യൽ ലോകത്ത് ഉയരുന്നുണ്ട്.

അതേസമയം ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദുരിതം വിതച്ച പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 170 കടന്നു. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും മഴയ്‍ക്കു നേരിയ ശമനമുണ്ടായിട്ടുണ്ട്. ബിഹാറില്‍ പ്രളയബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 181 കോടി രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്തു മാത്രം 93 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായാണ് കണക്ക്

ബിഹാറിലും അസമിലും മഴയ്‍ക്ക് ശമനമുണ്ടായത് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബിഹാറില്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നാലുലക്ഷം രൂപ അടിയന്തരസഹായം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം നേരിടുന്ന അസമില്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ മരിച്ചത് 11 പേരാണ്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 47 ആയി.

ഒന്നര ലക്ഷം ഹെക്ടര്‍ കൃഷി ഭൂമി നശിച്ചു. കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഒന്നര ലക്ഷം പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. മഴയ്‍ക്ക് ശമനമുണ്ടെങ്കിലും ബ്രഹ്മപുത്രയിലെ ജലനിരപ്പ് താഴ്ന്നിട്ടില്ല. ദേശീയ പൗരത്വ റജിസ്റ്ററിന്റെ അന്തിമ പട്ടിക തയാറാക്കുന്ന നടപടികള്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ പ്രളയത്തിനിടയിലും അസമില്‍ ജനങ്ങള്‍ വീടു ഉപേക്ഷിക്കാന്‍ പോകാന്‍ മടിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

മിസോറാം, മേഘാലയ, ത്രിപുര തുടങ്ങിയ വടക്കുക്കിഴക്കന്‍ സംസ്ഥാനങ്ങളിലും കനത്ത മഴയാണ്. രാജസ്ഥാനില ചുരു പോലെ ഏറ്റവും ചൂടേറിയ മരഭൂ പ്രദേശത്തും കാലവർഷം എത്തിയതോടെ ഡൽഹി ഒഴികെ രാജ്യത്തിന്റെ എല്ലാ ഭാഗത്തും മഴ ലഭിച്ചു.