ട്രാക്കിലേക്ക് മറിഞ്ഞ് ഭീമൻ കല്ല്; ട്രെയിനെത്താൻ മിനിറ്റുകൾ ബാക്കി; അദ്ഭുതരക്ഷ

വലിയൊരു ട്രെയിൻ അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുംബൈ–പൂന റയിൽ പാതയിലാണ് ഇൗ സംഭവം. ഇത്തവണ അപകടത്തിൽ നിന്നും രക്ഷകനായത് സിസിടിവിയാണ്. സംഭവം ഇങ്ങനെ. റയിൽവെ പാളങ്ങളുടെ സുരക്ഷയ്ക്കും നിരീക്ഷണത്തിനുമായി സ്ഥാപിച്ച സിസിടിവി ക്യാമറയിൽ പതിഞ്ഞത് നടുക്കുന്ന ദൃശ്യങ്ങളാണ്. വ്യാഴാഴ്ച രാത്രിയോടെയാണ് ലോണാവാലയ്ക്ക് സമീപം റയിൽവെ ട്രോക്കിലേക്ക് ഭീമൻ കല്ല് വന്ന് പതിച്ചത്.

സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്ന കേന്ദ്രത്തിലിരുന്ന ജീവനക്കാരന്റെ ശ്രദ്ധയിൽ ഇത് പതിഞ്ഞതോടെയാണ് വലിയ അപകടം ഒഴിവായത്. മുംബൈ–കോലാപ്പൂർ സഹ്യാദ്രി എക്സ്പ്രസ് കടന്നുപോകാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോഴാണ് ഇൗ അപകടം. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥൻ ഉടൻ തന്നെ ഇക്കാര്യം റയിൽവെ അധികൃതരെ അറിയിച്ചു. ഇതോടെ ഇൗ റൂട്ടിലേക്കുള്ള വൈദ്യുതി ബന്ധം ആദ്യം വിച്ഛേദിച്ചു. പിന്നാലെ ട്രെയിൻ താക്കൂർവാഡി സ്റ്റേഷനിൽ പിടിച്ചിട്ടു. രണ്ടു മണിക്കൂറിലേറെ സമയം പണിപ്പെട്ടാണ് ഭീമൻ കല്ല് ട്രാക്കിൽ നിന്നും മാറ്റിയത്. കൃത്യമായ നിരീക്ഷമമാണ് വലിയ ഒരു അപകടത്തിൽ നിന്നും യാത്രക്കാരെ രക്ഷിക്കാനായത്.