വോട്ടിങ് യന്ത്രങ്ങളുടെ തിരിമറി ചൂടാക്കി വിഡിയോകള്‍; രോഷമുയര്‍ത്തി പ്രതിപക്ഷം

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ചില ദൃശ്യങ്ങളാണ് വോട്ടിങ് യന്ത്രങ്ങളുടെ തിരിമറി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വഴിതുറന്നത്. വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ പരിസരത്ത് പുറമേനിന്ന് യന്ത്രങ്ങള്‍ എത്തിച്ചെന്നാണ് വാര്‍ത്ത പരന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തി. .  

ഉത്തര്‍പ്രദേശിലെ ചന്ദൗലി, ഗാസിപുര്‍, ദോമരിയഗഞ്ച്, ഝാന്‍സി എന്നി മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളിലാണ് സുരക്ഷാ വീഴ്ച്ചയുണ്ടായെന്നാണ് ആരോപണമുയര്‍ന്നത്. ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്ന് ലോറിയില്‍ വോട്ടിങ് യന്ത്രം കടത്താന്‍ ശ്രമിച്ചെന്ന് ആരോപണമുയര്‍ന്നു. ഒരു വാന്‍ നിറയെ വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമിനരികിലേയ്ക്ക് എത്തിച്ചതായും തങ്ങള്‍ വാഹനം തടഞ്ഞതായും മഹാസഖ്യ സ്ഥാനാര്‍ഥി അഫ്‌സല്‍ അന്‍സാരി ആരോപിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ സ്‌ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഉത്തര്‍പ്രദേശിലെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞതായും ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പ്രചരിച്ചു. 

ബിഹാറിലും സമാനമായ സംഭവങ്ങള്‍ നടന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. സരണ്‍ മണ്ഡലത്തില്‍ വോട്ടങ് മെഷീനുകള്‍ വാഹനത്തില്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആര്‍ജെഡി പുറത്തുവിട്ടു. മഹാരാജ് ഗഞ്ച് മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേയ്ക്ക് വാഹനം നിറയെ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചത് ആര്‍ജെഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വൈകിയെത്തിയ യന്ത്രങ്ങളാണിവയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. 

നിലവിലെ പ്രചരണങ്ങളി‍ല്‍ വിശ്വസിക്കരുതെന്നും തിരഞ്ഞെടുപ്പിലെടുത്ത അധ്വാനംഫലം കാണുമെന്നും പ്രവര്‍ത്തകര്‍ക്കയച്ച ശബ്ദസന്ദേശത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു.