മൗനിയെന്ന് കളിയാക്കി; പക്ഷേ മാധ്യമങ്ങളെ കണ്ടിരുന്നു; മോദിയെ വിമര്‍ശിച്ച് മൻമോഹൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ വാർത്താസമ്മേളനത്തിന് നിരവധി വിമർശനങ്ങളാണ് നേരിടുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരുന്ന മോദിയെ പരിഹസിച്ച് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് മുൻപ്രധാന മന്ത്രി മൻമോഹൻ സിങ്. തന്നെ മോദി മൗനിയായ പ്രധാമന്ത്രിയെന്ന് കളിയാക്കിയിരുന്നു. പക്ഷേ മാധ്യമങ്ങളെ നേരിടുന്നതിൽ താൻ ഒരിക്കലും ഭയം കാണിച്ചിട്ടില്ലെന്നാണ് മൻമോഹൻ സിങ് വ്യക്തമാക്കുന്നത്.

'പലരും ഞാൻ മൗനിയായ പ്രധാനമന്ത്രിയാണെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാനൊരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതിൽ വിമുഖത കാണിച്ചിട്ടില്ല. ഞാൻ മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകൾക്ക് ശേഷവും വാർത്താസമ്മേളനം വിളിക്കുകയും ചെയതിരുന്നു'. മൻമോഹൻ സിങ് പറയുന്നു. 

ഇന്നലെ ബിജെപി ആസ്ഥാനത്ത് ആദ്യമായി വാര്‍ത്താ സമ്മേളനത്തിന് മോദി എത്തിയെങ്കിലും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കിയിരുന്നില്ല. ചോദ്യങ്ങളെല്ലാം ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുനേരെ തിരിച്ചുവിടുകയാണ് അദ്ദേഹം ചെയ്തത്.