നിറങ്ങളില്‍ നീരാടി രാജ്യം ഹോളി ആഘോഷിച്ചു

നിറങ്ങളില്‍ നീരാടി രാജ്യം ഹോളി ആഘോഷിച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ എത്തിയ ഹോളിയെ പ്രചാരണ തന്ത്രങ്ങളാക്കുകയാണ് പ്രധാനപാര്‍ട്ടികള്‍. അതേസമയം, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സഹപ്രവര്‍ത്തകര്‍ക്ക് ആദരസൂചകമായി സി.ആര്‍.പി.എഫ് ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കി. 

പരസ്പരം ചായംപൂശുമ്പോള്‍ വിദ്വേഷങ്ങള്‍ ഇല്ലാതാകും, ദേഷ്യങ്ങള്‍ സന്തോഷങ്ങളാകും, നന്മയ്ക്കായി തിന്മ വഴിമാറും. ഹോളി സംസ്കാരങ്ങള്‍ക്ക് അപ്പുറമാണ്. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളില്‍ രാവിലെ പ്രത്യേക പൂജകള്‍ നടന്നു. 

ലോക്സഭ തിരഞ്ഞെടുപ്പില്‍ നിര്‍ണായകസ്വാധീനശക്തിയാകാന്‍ പോകുന്ന യുവവോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വിവിധ ആഘോഷപരിപാടികള്‍ ഒരുക്കിയിരുന്നു. രാജ്യത്തെ മുഴുവന്‍ ജനതയ്ക്കും നന്മയും സന്തോഷവും നല്‍കട്ടെയെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്നിവര്‍ ആശംസിച്ചു. എന്നാല്‍ പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സി.ആര്‍.പി.എഫിനൊപ്പം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ആഘോഷമൊഴിവാക്കി.