കനിമൊഴി തൂത്തുക്കുടിയിൽ തന്നെ; ഡിഎംകെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ഡിഎംകെയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എ.രാജയും ദയാനിധി മാരനും ഉള്‍പ്പെടെ അഞ്ച് മുന്‍ കേന്ദ്രമാര്‍ പട്ടികയില്‍. കരുണാനിധിയുെട മകള്‍ കനിമൊഴി തൂത്തുക്കുടിയില്‍ നിന്ന് ജനവിധി തേടും.

ഡിഎംകെ മത്സരിക്കുന്ന ഇരുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളായി. ചെന്നൈ സെന്‍ട്രലില്‍ നിന്നും ദയാനിധി മാരനും ശ്രീപെരുംപുത്തൂരില്‍ നിന്ന് ടി.ആര്‍.ബാലുവും ആര്‍ക്കോണത്തുനിന്ന് എസ്.ജഗത് രക്ഷകനും നീലഗിരിയില്‍ നിന്ന് എ.രാജയും മത്സരിക്കും. സോളാര്‍ കേസില്‍ ആരോപണവിധേയനായ മുന്‍ കേന്ദ്ര മന്ത്രി എസ്.എസ്.പളനിമാണിക്കം തഞ്ചാവൂരില്‍ നിന്ന് ആറാം തവണയും ജനവിധി തേടും. ആറ് പ്രമുഖ ഡിഎംകെ നേതാക്കളുടെ മക്കള്‍ മത്സരരംഗത്തുണ്ട്.

ഇരുപതില്‍ രണ്ട് പേര്‍ വനിതകളാണ്. ലോക്സഭയിലേക്ക് കന്നിയങ്കത്തിനിറങ്ങുന്ന കനിമൊഴി കരുണാനിധി തൂട്ടുക്കുടിയിലും, നര്‍ത്തകിയും ഗായികയുമായ പ്രൊഫസര്‍ തമിഴച്ചി തങ്കപാണ്ഡ്യന്‍ ചെന്നൈ സൗത്തിലും പോരാട്ടത്തിനിറങ്ങും. . ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പതിനെട്ട് നിയോജക മണ്ഡലങ്ങളിലേക്കും ഡിഎംകെ സ്ഥാനാര്‍ഥികളായി.