ഓഡി കാറിനു മുകളിലേക്ക് ഡമ്പർ വാഹനം മറിഞ്ഞു; മൂന്നു മരണം

കാറിനു മുകളിലേയ്ക്ക് ഭാരമേറിയ വസ്തുക്കൾ ചുമന്നു കൊണ്ടു പോകുന്ന ഡമ്പർ വാഹനം മറിഞ്ഞ് മൂന്നു പേർ മരിച്ചു. ന്യൂഡൽഹിയില്‍ രോഹിണിയിലെ കെഎൻ കട്ജു മാർഗിൽ ഇഎസ്ഐ ആശുപത്രിക്കു സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മൂന്ന് വയസ്സുള്ള കുട്ടിയുൾപ്പെടെ നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഓ‍ഡി കാറിനു മുകളിലേയ്ക്കാണ് മണൽ നിറച്ച വാഹനം മറിഞ്ഞത്. 

പുലർച്ചെ ഒരു മണിക്ക് വഴിയാത്രക്കാരൻ വിവരം നൽകിയപ്പോഴാണു വാഹനാപകടത്തെക്കുറിച്ച് പൊലീസ് അറിയുന്നത്. സുമിത് (29), ഭാര്യ രുചി (27), അമ്മ റിതു (59) എന്നിവരാണു മരിച്ചത്. മൂന്ന് വയസ്സുകാരനായ മകന്‍ ഗുരുതരമായി പരുക്കേറ്റു ചികിൽസയിലാണ്. അപകടമുണ്ടായതിനു പിന്നാലെ ഡമ്പര്‍ വാഹനത്തിന്റെ ഡ്രൈവർ സംഭവ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. രണ്ട് ക്രെയിനുകൾ ഉപയോഗിച്ചാണു കാറിനു മുകളിൽ നിന്ന് ലോറി മാറ്റിയത്.

MORE IN INDIA